ചാനലുകള്‍ ബഹിഷ്‌കരിക്കാനുള്ള സിനിമാ പ്രവര്‍ത്തകരുടെ നീക്കം മണ്ടത്തരമെന്ന് സംവിധായകന്‍ വിനയന്‍

single-img
1 August 2017

സിനിമാ മേഖലയിലുള്ളവരെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് ചാനലുകള്‍ ബഹിഷ്‌കരിക്കാനുള്ള ചലചിത്ര പ്രവര്‍ത്തകരുടെ നീക്കം മണ്ടത്തരമാണെന്ന വിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍. ചെറിയ സിനിമകള്‍ക്ക് ഇടം ലഭിക്കാനായി സിനിമാ സംഘടനയുടെ നേതൃത്വത്തില്‍ പുതിയ ചാനല്‍ രൂപീകരിക്കാനുള്ള നീക്കം അട്ടിമറിച്ചവര്‍ ഇപ്പോള്‍ ചാനല്‍ ബഹിഷ്‌കരിക്കുമെന്ന് പറയുന്നത് അപഹാസ്യമാണെന്നും വിനയന്‍ പറഞ്ഞു.

സിനിമാ രംഗത്തെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ നീക്കം പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുന്നതിന് തുല്യമാണ്. ഇത് പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കുകയേയുള്ളൂ. സിനിമാ സംഘടനകളുടെ ഗ്രൂപ്പ് യോഗമല്ല വേണ്ടതെന്നും ഈ രംഗത്തെ നിഷ്പക്ഷരെ ഉള്‍പ്പെടുത്തിയുള്ള സമിതിയാണ് രൂപീകരിക്കേണ്ടതെന്നും വിനയന്‍ വ്യകതമാക്കി.

ബോഡി ഡ്യൂപ്പ് ഉപയോഗിച്ചെന്ന പരാതിയില്‍ പൊലീസിനെ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ കഴിയാത്തത് സംഘടനയുടെ ദൗര്‍ബല്യമാണെന്നും വിനയന്‍ കുറ്റപ്പെടുത്തി. ബോഡി ഡ്യൂപ്പ് സിനിമയില്‍ സര്‍വ്വസാധാരണമാണ്. അശ്ലീല രംഗം ഒഴികെ ഇത്തരത്തില്‍ ചീത്രീകരിക്കുന്നതില്‍ തെറ്റില്ല. ഇത് പൊലീസിനെ ബോധ്യപ്പെടുത്താന്‍ സംവിധായകരുടെ സംഘടനക്ക് കഴിഞ്ഞില്ല. തെറ്റായ നടപടികളിലൂടെ ചീഞ്ഞു നാറിയ നേതൃത്വത്തിന് ശബ്ദം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിനിമാ രംഗത്തെ നിലവിലെ പ്രശ്‌നം ദീര്‍ഘകാലം നിലനില്‍ക്കില്ല. നല്ല സിനിമയെ നല്ല സിനിമയായി കാണുന്ന പ്രേക്ഷകരാണ് കേരളത്തില്‍ ഉള്ളതെന്നും വിനയന്‍ പറഞ്ഞു.