നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു

single-img
1 August 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ സിദ്ദീഖിനെ അന്വേഷണസംഘം ചോദ്യംചെയ്തു. കളമശ്ശേരി സ്റ്റേഷനില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. ദിലീപുമായി ഏറെ അടുപ്പമുള്ളയാള്‍ എന്ന നിലയിലാണ് സിദ്ദിഖിനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

നടിയും ദിലീപും തമ്മിലുള്ള പിണക്കങ്ങള്‍ക്കു കാരണമായ സംഭവം നടന്നതെന്നു പറയപ്പെടുന്ന സ്റ്റേജ് ഷോയില്‍ സിദ്ദിഖും പങ്കെടുത്തിരുന്നു. ഇതുസംബന്ധിച്ചും പൊലീസ് വിവരങ്ങള്‍ തേടിയെന്നാണ് അറിയുന്നത്.

ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് ചോദിച്ചറിഞ്ഞു. നടി ആക്രമിക്കപ്പെടുന്ന കാര്യം മുന്‍കൂട്ടി അറിഞ്ഞിരുന്നോയെന്നും അന്വേഷണസംഘം സിദ്ദീഖിനോട് ചോദിച്ചു. ദിലീപും നടിയും തമ്മിലുള്ള വൈരാഗ്യത്തെക്കുറിച്ചും സിദ്ദീഖില്‍ നിന്ന് വിവരങ്ങള്‍ തേടി.

ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷയേയും പതിമൂന്നു മണിക്കൂറോളം ചോദ്യം ചെയ്ത രാത്രിയില്‍ സിദ്ദിഖ് പൊലീസ് ക്ലബ്ബിലെത്തിയിരുന്നു. ചോദ്യം ചെയ്യല്‍ പുലര്‍ച്ചെ 1.30 ആയിട്ടും അവസാനിക്കാതിരുന്നതിനെ തുടര്‍ന്നാണ് സിദ്ദിഖ് സ്ഥലത്തെത്തിയത്.