പെട്രോളിനും ഡീസലിനും ഇന്നുമുതല്‍ അധിക വില നല്‍കണം

single-img
1 August 2017

ന്യൂഡല്‍ഹി: ഇന്നു മുതല്‍ പെട്രോളിനും, ഡീസലിനും കൂടുതല്‍ വില നല്‍കേണ്ടി വന്നേക്കും. രാജ്യത്തെ എണ്ണ വിപണന കമ്പനികള്‍ ഡീലര്‍മാരുടെ കമ്മിഷന്‍ വര്‍ധിപ്പിച്ചതു മൂലം വരുന്ന അധിക ഭാരമാണ് ഉപഭോക്താക്കള്‍ ചുമക്കേണ്ടി വരുന്നത്.

ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലയില്‍ വരുന്ന ചലനങ്ങള്‍ക്ക് അനുസരിച്ചാണ് ഇന്ധന നിരക്ക് ഓരോ ദിവസവും നിശ്ചയിക്കുന്നത്. പെട്രോള്‍ ലിറ്ററിന് ഒരു രൂപയും ഡീസല്‍ ലിറ്ററിന് 0.72 രൂപയുമാണ് ഡീലര്‍മാരുടെ കമ്മീഷന്‍ വര്‍ധിപ്പിച്ചത്. ഈ കമ്മീഷനും കൂടി ചേര്‍ന്നതായിരിക്കും ഇനി മുതല്‍ ഇന്ധന വില.

ദിവസേനയുള്ള ഇന്ധനവിലയിലെ മാറ്റം മൂലം നഷ്ടംവരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡീലര്‍മാരുടെ അസോസിയേഷന്‍ അടുത്തിടെ സമര ഭീഷണി മുഴക്കിയിരുന്നു. വേതന ചെലവും മറ്റും കണക്കാക്കുമ്പോള്‍ വന്‍ നഷ്ടമാണ് നേരിടുന്നതെന്നാണ് ഡീലര്‍മാരുടെ പരാതി.

ഈ സാഹചര്യത്തില്‍ ആഗോള അസംസ്‌കൃത എണ്ണ വിപണിയില്‍ നിരക്ക് കുറഞ്ഞാലും ഇനിയങ്ങോട്ടുള്ള ദിവസങ്ങളില്‍ ഇന്ധനവില വര്‍ധിക്കാനും ഇടിയാനുമുള്ള സാധ്യതയുണ്ട്.