‘കടക്കൂ പുറത്ത്’ എന്ന് പറയേണ്ടിയിരുന്നില്ല: മുഖ്യമന്ത്രിയുടെ രോഷപ്രകടനത്തില്‍ കേന്ദ്ര നേതൃത്വത്തിനും അതൃപ്തി

single-img
1 August 2017


ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്റെ രോഷപ്രകടനം അനാവശ്യമായിരുന്നുവെന്ന് സിപിഎം കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ പരസ്യമായ നിലപാട് നേതൃത്വം വ്യക്തമാക്കുന്നില്ലെങ്കിലും പിണറായിയുടെ പെരുമാറ്റം ശരിയായില്ലെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ പെരുമാറ്റത്തില്‍ അനിഷ്ടമുണ്ട്.

അനാവശ്യമായ രോഷപ്രകടനമാണ് മുഖ്യമന്ത്രി കാണിച്ചതെന്നാണ് ദേശീയ നേതാക്കളുടെ വിലയിരുത്തല്‍. ഇത്തരത്തിലൊരു സംഭവത്തോടെ സമൂഹ കാലത്ത് പാര്‍ട്ടിക്കുണ്ടായിരുന്ന മേല്‍ക്കൈ നഷ്ടപ്പെട്ടുവെന്നാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്.

ബിജെപി നേതാക്കളുടെ കോഴ വിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിപിഎമ്മിന് വ്യക്തമായ മേല്‍ക്കൈയുണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയര്‍ത്തുകയറിയ സംഭവത്തോടെ അവയെല്ലാം നഷ്ടപ്പെട്ടു എന്നാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. തലസ്ഥാനത്ത് സംഘര്‍ഷം വ്യാപകമായ സാഹചര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അക്കാര്യത്തിലും വീഴ്ചപറ്റിയെന്നും കേന്ദ്ര നേതാക്കള്‍ പറയുന്നു. ഗവര്‍ണറും മറ്റും ഇടപ്പെട്ടതിനെത്തുടര്‍ന്നാണ് സമാധാന ചര്‍ച്ചകളും മറ്റും നടക്കുന്നതെന്ന ഒരു പ്രതീതിയാണ് നിലനില്‍ക്കുന്നത്. ഇക്കാര്യത്തിലും കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ഇന്നലെ തിരുവനന്തപുരത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തു സംസാരിച്ചത്. സംസ്ഥാനത്തെ തുടര്‍ച്ചയായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ച ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയായിരുന്നു മുഖ്യമന്ത്രിയുടെ രോഷപ്രകടനം. യോഗത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരോട് കടക്കൂ പുറത്ത് എന്ന് കയര്‍ത്ത, മുഖ്യമന്ത്രി എല്ലാവരെയും പുറത്താക്കിയ ശേഷമാണ് ചര്‍ച്ച നടക്കുന്ന ഹാളിലേക്ക് കയറിയത്.