മഅദനിക്ക് കേരളത്തിലേക്ക് വരണമെങ്കിൽ 15 ലക്ഷം രൂപ അടയ്ക്കണമെന്ന്‌ കർണാടക പൊലീസ്

single-img
1 August 2017

ബംഗളൂരു സ്‌ഫോടന കേസില്‍ വിചാരണ തടവുകാരനായ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ യാത്ര അനിശ്ചിതത്തില്‍. മകന്റെ കല്യാണത്തിന് വേണ്ടി കേരളത്തിലേക്ക് മഅദനിക്ക് യാത്ര ചെയ്യണമെങ്കില്‍ പതിനഞ്ച് ലക്ഷത്തോളം രൂപ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന കര്‍ണാടക പോലീസിന്റെ നിലപാടാണ് മഅദനിയുടെ യാത്ര അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്.

എസിപി റാങ്കിലുള്ള രണ്ടു ഉദ്യോഗസ്ഥരടക്കം 19 പേരുടെ യാത്ര, ഭക്ഷണം, താമസം എന്നിവ മഅദനി വഹിക്കണം. ഇതൊക്കെ ചേര്‍ത്ത് ജി.എസ്.ടി.അടക്കമുള്ള ബില്ലാണ് മഅദനിയുടെ അഭിഭാഷകന് കര്‍ണാടക പോലീസ് നല്‍കിയിരിക്കുന്നത്. പോലീസുകാരുടെ വിമാനയാത്ര ചെലവ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അത് കൂടി ചേരുമ്പോള്‍ ഭീമമായ തുക വരും.

എന്നാൽ ഇത്ര വലിയ തുക കെട്ടിവച്ച് യാത്ര നടത്താനാവില്ലെന്നാണ് മഅ്ദനിയുടെ നിലപാട്. മറ്റു കാര്യങ്ങൾ അഭിഭാഷകരുമായി ചേർന്ന് ആലോചിച്ചതിന് ശേഷം പറയാമെന്നും മഅ്ദനി വ്യക്തമാക്കി.

മകന്‍ ഒമര്‍ മുക്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ആഗസ്ത് 1 മുതല്‍ 14 വരെയാണ് മഅ്ദനിക്ക് കല്യാണ ചടങ്ങുകള്‍ക്കായി കേരളത്തില്‍ തങ്ങാന്‍ അനുമതി നല്‍കിയത്.

ഈ കാലയളവിലെ സുരക്ഷാ ചെലവ് മഅ്ദനി തന്നെ വഹിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ആഗസ്ത് 9ന് തലശ്ശേരിയിലാണ് വിവാഹ ചടങ്ങ്. കര്‍ണാടക സര്‍ക്കാര്‍ മഅ്ദനിയുടെ സുരക്ഷാ ചെലവുകള്‍ ചൂണ്ടികാണിച്ച് കോടതിയില്‍ എതിര്‍പ്പ് ഉന്നയിച്ചെങ്കിലും സുരക്ഷാ ചെലവുകള്‍ വഹിക്കാമെന്ന പ്രശാന്ത് ഭൂഷണിന്റെ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.