നഷ്ടപ്രതാപം വീണ്ടെടുക്കാനൊരുങ്ങി കുവൈറ്റ് എയര്‍വെയ്‌സ്

single-img
1 August 2017

കുവൈറ്റ് സിറ്റി: രാജ്യത്തെ ദേശീയ വിമാനക്കമ്പനിയായ കുവൈറ്റ് എയര്‍വെയ്‌സിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള പ്രത്യേക പദ്ധതികളുമായി കുവെറ്റ് മന്ത്രാലയം. പൊതുമേഖലാ സ്ഥാപനമായ കുവൈറ്റ് എയര്‍വെയ്‌സ് കോര്‍പറേഷനെ ലാഭത്തില്‍ കൊണ്ടുവന്ന് കൂടുതല്‍ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാകുമെന്ന് തൊഴില്‍ സാമൂഹ്യക്ഷേമ ആസൂത്രണകാര്യ മന്ത്രി ഹിന്ദ് അല്‍ സബീഹ് പറഞ്ഞു.

ഇതോടെ കടുത്തമത്സരം നിലനില്‍ക്കുന്ന ഗള്‍ഫ് വ്യോമയാന മേഖലയിലേക്ക് ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണ് കുവൈത്ത് എയര്‍ വെയ്‌സ്. കാലപ്പഴക്കം ചെന്ന വിമാനങ്ങള്‍ക്ക് പകരം പുത്തന്‍ എയര്‍ക്രാഫ്റ്റുകള്‍ അവതരിപ്പിച്ചും ഭരണതലത്തിലും സേവന രംഗത്തും അഴിച്ചു പണികള്‍ നടത്തിയും ദേശീയ വിമാനക്കമ്പനിക്കു പുതു ജീവന്‍ നല്‍കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍.

വിമാനത്താവളത്തിലെ പ്രവര്‍ത്തങ്ങള്‍ക്കായി ഉപകമ്പനി രൂപീകരിക്കണമെന്ന ആവശ്യം കുവൈത്ത് എയര്‍വെയ്‌സ് കോര്‍പറേഷന്‍ മുന്നോട്ടു വെച്ചിട്ടുണ്ട് . കമ്പനിയെ ലാഭത്തിലാക്കുന്നതിനായി മാനവശേഷിയുമായി ബന്ധപ്പെട്ടതുള്‍പ്പെടെ നിരവധി നിയമഭേദഗതികള്‍ സര്‍ക്കാരിന്റെ പരിഗണയിലാണ്. 2019 ആകുമ്പോഴേക്കും കമ്പനി ലാഭത്തിലേക്ക് മാറിത്തുടങ്ങുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.