National

ചേരി നിവാസികളെ അധിക്ഷേപിച്ചു: കമല്‍ഹാസനെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്

ചേരി നിവാസികളെ ആക്ഷേപിച്ചെന്നാരോപിച്ച് നടന്‍ കമല്‍ഹാസനെതിരെയും നടിയും ഗായികയുമായ ഗായത്രി രഘുറാമിനെതിരെയും പുതിയ തമിഴകം പാര്‍ട്ടി മാനനഷ്ട കേസ് നല്‍കി. കേസില്‍ 100 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

ബിഗ് ബോസിന്റെ തമിഴ് പതിപ്പായ റിയാലിറ്റി ഷോയ്ക്കിടെയാണ് സംഭവം. ചേരി നിവാസികളെ ആക്ഷേപിച്ച പരാമര്‍ശം ഉണ്ടായപ്പോള്‍ ഷോയിലെ ആതിഥേയനായ കമല്‍ഹാസന്‍ ഗായത്രി രഘുറാമിനെ തടഞ്ഞില്ല എന്നും നോട്ടീസില്‍ പറയുന്നു.

ഇതേക്കുറിച്ചുയര്‍ന്ന ചോദ്യത്തിന് വാര്‍ത്താ സമ്മേളനത്തില്‍ കമല്‍ ഹാസന്‍ പ്രതികരിച്ചില്ല എന്നും നോട്ടീസിലുണ്ട്. സംഭവത്തില്‍ നോട്ടീസില്‍ പറയുന്ന ഏഴ് പേരും നിരുപാധികം മാപ്പ് പറയണമെന്ന് പുതിയ തമിഴകം നേതാവ് ഡോ. കൃഷ്ണസ്വാമി ആവശ്യപ്പെട്ടു.

അല്ലാത്തപക്ഷം 100 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആരോപണവിധേയര്‍ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി. എ.ഐ.എ.ഡി.എം.കെക്കെതിരെ താരം സജീവ രാഷ്ട്രീയ പ്രവേശനത്തിന് തയാറെടുക്കുന്നതുമായ വാര്‍ത്തകള്‍ക്കിടയിലാണ് കേസ് എന്നതും ശ്രദ്ധേയമാണ്.