പ്രതിഷേധം ഫലം കണ്ടു: പാവപ്പെട്ടവര്‍ക്കുള്ള പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കില്ലെന്ന് കേന്ദ്രം

single-img
1 August 2017

ഡല്‍ഹി: പാചക വാതക സബ്‌സിഡി പൂര്‍ണ്ണമായും എടുത്തുകളയാനുള്ള തീരുമാനത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ നിലപാട് മയപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. അനര്‍ഹര്‍ക്കുള്ള സബ്‌സിഡിയാണ് നിര്‍ത്തലാക്കുന്നതെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇന്ന് രാജ്യസഭയില്‍ പറഞ്ഞു.

സബ്‌സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനമെടുത്തത് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.പി.എ സര്‍ക്കാരാണ്. സബ്‌സിഡി പൂര്‍ണ്ണമായി നിര്‍ത്തലാക്കില്ല. പാവപ്പെട്ടവര്‍ക്കുള്ള സബ്‌സിഡി തുടരും. എന്നാല്‍ അനര്‍ഹര്‍ക്ക് സബ്‌സിഡി നല്‍കില്ലെന്നും മന്ത്രി രാജ്യസഭയില്‍ അറിയിച്ചു.

അടുത്തവര്‍ഷം മാര്‍ച്ചോടെ പാചക വാതകത്തിന് നല്‍കുന്ന സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചുവെന്നായിരുന്നു ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം പാര്‍ലമെന്റിനെ അറിയിച്ചത്.

ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ നല്‍കി വരുന്ന സബ്‌സിഡിയുള്ള സിലിണ്ടറിന് നാല് രൂപ വീതം എല്ലാമാസവും വര്‍ദ്ധിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ക്രമേണ വില കൂട്ടി അടുത്ത വര്‍ഷമാകുമ്പോള്‍ സബ്‌സിഡി പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന തരത്തിലായിരിക്കും തീരുമാനം നടപ്പാക്കുകയെന്നായിരുന്നു വിശദീകരണം.

ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് പുതിയ വിശദീകരണം.  സബ്‌സിഡിയോടെ വിതരണം ചെയ്യുന്ന അഞ്ച് കിലോ സിലിണ്ടറിന്റെ വിലയും വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

18.11 കോടി ജനങ്ങളാണ് രാജ്യത്ത് പാചക വാതക സബ്‌സിഡി ഉപയോഗിക്കുന്നത്. ഇതില്‍ പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം സൗജന്യമായി പാചക വാതക കണക്ഷന്‍ കിട്ടിയ ദരിദ്ര കുടംബങ്ങളും ഉണ്ട്. നിലവില്‍ 2.66 കോടി പേര്‍ മാത്രമാണ് സബ്‌സിഡിയില്ലാത്ത പാചക വാതകം ഉപയോഗിക്കുന്നത്.