അതിര്‍ത്തി തര്‍ക്കത്തില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നത് സഹതാപം മൂലമെന്ന് ചൈനീസ് മാധ്യമം

single-img
1 August 2017

ന്യൂഡല്‍ഹി: ദോക് ലാ വിഷയത്തില്‍ രാജ്യാന്തര മാധ്യമങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമായ നിലപാട് കൈക്കൊള്ളുന്നത് സഹതാപം കൊണ്ടാണെന്ന വിമര്‍ശനവുമായി ചൈനീസ് മാധ്യമം.

ജനാധിപത്യ രാജ്യമെന്ന ഒറ്റ പരിഗണനയിലാണ് എല്ലാ മാധ്യമങ്ങളും ഇന്ത്യയ്ക്ക് അനുകൂലമായി എഴുതുന്നതെന്നും ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസിലെഴുതിയ ലേഖനത്തില്‍ പറയുന്നു.

ചൈനയുടെ അധീനതയിലുള്ള പ്രദേശത്ത് അതിക്രമിച്ചു കടന്ന ഇന്ത്യ രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ചെങ്കിലും, ‘ഇര’ എന്ന പരിഗണനയോടെയാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ഇന്ത്യയെ കാണുന്നത്. ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ ദുര്‍ബലരായതിനാല്‍, ആ സഹതാപമാണ് ഇന്ത്യയെ തുണയ്ക്കുന്നതെന്നും ലേഖനം പറയുന്നു.

ജൂണ്‍ 14ന് ദോക് ലാ മേഖലയില്‍ കടന്നുകയറിയത് ഇന്ത്യന്‍ സൈന്യമാണ്. ദോക് ലാ ഭൂട്ടാനിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഇന്ത്യയും ചൈനയെ കയ്യേറ്റക്കാരെന്നു വിളിച്ചു. പാശ്ചാത്യമാധ്യമങ്ങളും സമാനമായ രീതിയിലാണ് ചൈനയെ ചിത്രീകരിക്കുന്നത്. ഇന്ത്യന്‍ കാഴ്ചപ്പാടില്‍നിന്നാണ് അവര്‍ കാര്യങ്ങളെ നോക്കിക്കാണുന്നതും വിശദീകരിക്കാന്‍ ശ്രമിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

രാജ്യാന്തര സമൂഹത്തിനു മുന്നില്‍ ഇന്ത്യയ്ക്ക് നിരവധി ‘ഗുണങ്ങള്‍’ ഉണ്ട്. പാശ്ചാത്യ ശൈലിയിലുള്ള ജനാധിപത്യമാണ് അതില്‍ പ്രധാനപ്പെട്ടത്. ജനാധിപത്യത്തിന്റെ കീഴില്‍ അനധികൃതമായതെന്തും ചെയ്യാമെന്ന സ്ഥിതിയാണ്. രണ്ടാം ലോക മഹായുദ്ധം മുതല്‍ ‘മറ്റുള്ളവരുടെ കാര്യത്തില്‍ തലയിടുന്ന’ സ്വഭാവമാണു ഇന്ത്യ കാണിക്കുന്നത്. ഈ വസ്തുതകളെല്ലാം പാശ്ചാത്യ മാധ്യമങ്ങള്‍ അവഗണിക്കുകയാണെന്നും ലേഖനം പറയുന്നു.