കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത: കാര്യവട്ടം സ്റ്റേഡിയത്തില്‍ ട്വന്റി-20 കളിക്കാന്‍ ഇന്ത്യന്‍ ടീം എത്തുന്നു

single-img
1 August 2017

കൊച്ചിക്ക് പുറമേ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നു. കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശം പകരുന്ന ഈ വാര്‍ത്ത ബിസിസിഐയാണ് പുറത്തുവിട്ടത്. ഇന്ന് ചേര്‍ന്ന ബിസിസിഐ യോഗമാണ് കാര്യവട്ടത്തിന് രാജ്യാന്തര ട്വന്റി-20 അനുവദിച്ചത്.

തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ അന്താരാഷ്ട്ര ടിട്വന്റി മത്സരങ്ങള്‍ നടത്താന്‍ യോഗ്യമാണെന്ന് ബി.സി.സി.ഐയുടെ ടെക്‌നിക്കല്‍ കമ്മിറ്റി വിലയിരുത്തി. ഇതാദ്യമായാണ് കേരളത്തില്‍ ഒരു ടി20 മത്സരം നടക്കുന്നത്. നേരത്തെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നിരവധി ഇന്ത്യയുടെ മത്സരങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അതെല്ലാം ഏകദിനമായിരുന്നു.

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് മല്‍സരങ്ങളിലൊന്നിന്റെ വേദിയായി തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ പരിഗണിക്കുന്നുണ്ടെന്ന് ബിസിസിഐ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ട്വന്റി20 മല്‍സരം നടത്താനാണ് അനുമതി ലഭിച്ചത്.

സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ 23 രാജ്യാന്തര മല്‍സരങ്ങളാണ് ടീം ഇന്ത്യ നാട്ടില്‍ കളിക്കുന്നത്. ഓസ്‌ട്രേലിയയാണ് ആദ്യം ഇന്ത്യയില്‍ പര്യടനത്തിനെത്തുന്ന ടീം. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 11 വരെയാണ് ഓസീസിന്റെ ഇന്ത്യന്‍ പര്യടനം. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ ഏഴു വരെ ന്യൂസീലന്‍ഡും നവംബര്‍ 15 മുതല്‍ ഡിസംബര്‍ 24 വരെ ശ്രീലങ്കയും ഇന്ത്യയില്‍ പര്യടനം നടത്തും.

കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിനുവേണ്ടിയായിരുന്നു 240 കോടി രൂപ ചിലവിട്ട് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം നിര്‍മിച്ചത്. അമ്പതിനായിരം പേര്‍ക്ക് ഇവിടെയിരുന്ന് കളി കാണാം.