അത്‌ലറ്റിക് ഫെഡറേഷന്റെ ആവശ്യം തള്ളി: ചിത്രയുടെ കോടതിയലക്ഷ്യ ഹര്‍ജി ഡിവിഷന്‍ ബെഞ്ചിന് വിട്ടു

single-img
1 August 2017

കൊച്ചി: ലോക അത്‌ലറ്റിക് മീറ്റില്‍ പി.യു.ചിത്രയെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്തുള്ള കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഡിവിഷന്‍ ബെഞ്ചിന് വിട്ടു. ചിത്രയെ മീറ്റില്‍ പങ്കെടുപ്പിക്കണമെന്ന് നേരത്തെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവ് പാലിക്കാന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ തയാറാകാതെ വന്നതോടെ കോടതിയലക്ഷ്യ ഹര്‍ജിയുമായി ചിത്ര വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കോടതിയലക്ഷ്യ ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ചപ്പോള്‍ ഇന്ന് വിശദീകരണം നല്‍കണമെന്ന് ഫെഡറേഷനോട് സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് ഫെഡറേഷന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിശദീകരണത്തിന് കൂടുതല്‍ സമയം ചോദിക്കുകയാണ് ചെയ്തത്. ഫെഡറേഷന്റെ ഉത്തരവാദിത്വപ്പെട്ട ആളുകളെല്ലാം ലോക അത്‌ലറ്റിക് മീറ്റിനായി ലണ്ടനിലാണെന്നും അവര്‍ മടങ്ങിവന്ന ശേഷം വിശദീകരണം നല്‍കാമെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഫെഡറേഷന്റെ ആവശ്യം തള്ളി കേസ് ഡിവിഷന്‍ ബെഞ്ചിന് വിടുകയായിരുന്നു.

ലോക അതലറ്റിക് മീറ്റില്‍ 1500 മീറ്ററില്‍ ചിത്രയെക്കൂടി പങ്കെടുപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടും ഫെഡറേഷന്‍ നടപടിയെടുത്തില്ലെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ആഗസ്റ്റ് നാല് മുതല്‍ നടക്കുന്ന ലോക അത്‌ലറ്റിക് മീറ്റില്‍ ചിത്രയെ പങ്കെടുപ്പിക്കണമെന്നും ഫെഡറേഷന്‍ ഇതുറപ്പാക്കണമെന്നും ജൂലായ് 28ന് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശിച്ചിരുന്നു.

ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ചിത്രയെക്കൂടി ഉള്‍പ്പെടുത്തണമെന്നൊരു കത്ത് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഒഫ് അത്‌ലറ്റിക് ഫെഡറേഷന് എഴുതുക മാത്രമേ ചെയ്തിരുന്നുള്ളൂ. ചിത്രയെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതില്‍ വീഴ്ച വന്നെന്നും ഇതു പരിഹരിക്കണമെന്നും വ്യക്തമാക്കുന്ന കത്തായിരുന്നു അയക്കേണ്ടിയിരുന്നത്.

ഇത്തരത്തില്‍ ഒരപേക്ഷ ഇന്റര്‍നാഷണല്‍ ഫെഡറേഷനു നല്‍കിയിട്ടില്ലെന്നും ചിത്ര ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ജൂലായ് 24 ന് ശേഷം താരങ്ങളെ പട്ടികയിലുള്‍പ്പെടുത്താനാവില്ലെങ്കില്‍ സുധ സിംഗ് സംഘത്തില്‍ ഇടം നേടിയതെങ്ങനെയെന്നും വിശദീകരിക്കാന്‍ ഫെഡറേഷനോട് ഹൈക്കോടതി നിര്‍ദേശിച്ചു. എന്നാല്‍, ഫെഡറേഷന്‍ വിശദീകരിക്കാന്‍ തയ്യാറായില്ല.