ലോകത്തിലെ ഏറ്റവും വലിയ തൂക്കുപാലം സ്വിറ്റ്‌സര്‍ലാന്റില്‍ തുറന്നു

single-img
1 August 2017

ലോകത്തിലെ ഏറ്റവും വലിയ തൂക്കുപാലം യൂറോപാവേഗ് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. 500 മീറ്റര്‍ നീളമുള്ള പാലം സ്വിറ്റ്‌സര്‍ലാന്‍ഡിലെ രണ്ട് നഗരങ്ങളായ ഗ്രാചെനെയും സെര്‍മാട്ടിനെയും ബന്ധിപ്പിക്കുന്നതാണ്. ആല്‍പ്‌സ് പര്‍വത നിരകളില്‍ തൂങ്ങിക്കിടക്കുകയാണ് ഈ നീളന്‍ പാലം. പാലത്തിലൂടെയുള്ള നടത്തം ആകാശ യാത്ര നടത്തുന്ന അനുഭൂതി പകരും.

മലനിരകള്‍ക്ക് മുകളിലൂടെയുള്ള നടത്തം ഒരേ സമയം ആനന്ദവും ആവേശവും നല്‍കുന്നതാണ്. പാലത്തിന് ഇരുവശത്തും താഴെയുമുള്ള പ്രകൃതി മനോഹാരിതയും ഏറെ ആസ്വാദനം നല്‍കുന്നു. പാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഭൂമിയില്‍ നിന്ന് 85 മീറ്റര്‍ ഉയരത്തില്‍ വരെ യാത്രക്കാര്‍ എത്തും.

ഇരു നഗരങ്ങള്‍ക്കുമിടയിലുണ്ടായിരുന്ന പാലം കേടുപാടുകളെ തുടര്‍ന്ന് 2010 ല്‍ അടച്ചതോടെയാണ് പുതിയ പാലത്തിന്റെ പണി തുടങ്ങിയത്. ഗ്രാചെനെയില്‍ നിന്ന് സെര്‍മാട്ടിലേക്ക് റോഡ് മാര്‍ഗം രണ്ട് ദിവസം സഞ്ചരിക്കാനുള്ള ദൂരമുണ്ട്. പാലം വന്നതോടെ രണ്ട് ദിവസത്തെ യാത്രയാണ് കേവലം 500 മീറ്ററിലേക്ക് ഒതുങ്ങിയത്. ഇരു നഗരങ്ങളിലെയും ജനങ്ങള്‍ ഏറെ സന്തോഷത്തിലാണ്. പാലം കാണാനും അതുവഴി നടക്കാനും എത്തുന്ന സന്ദര്‍ശകരും നിരവധിയാണ്.