ബാര്‍ കോഴക്കേസ് അന്വേഷണം പ്രതിസന്ധിയിൽ: ബിജു രമേശ് നല്‍കിയ ശബ്ദരേഖയിൽ കൃത്രിമം

single-img
1 August 2017

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍കോഴ കേസില്‍ വഴിത്തിരിവ്. ബാര്‍ ഉടമ ബിജു രമേശ് മാണിക്കെതിരെ അന്വേഷണ സംഘത്തിന് നല്‍കിയത് എഡിറ്റുചെയ്ത ശബ്ദരേഖയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അഹമ്മദാബാദിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

കേസിൽ പ്രതീക്ഷിച്ച തെളിവുകളൊന്നും കിട്ടില്ലെന്ന് ഉറപ്പായതോടെയാണു ശബ്ദപരിശോധനയെ ആശ്രയിക്കാൻ വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നിർദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണു ബിജു രമേശ് ഹാജരാക്കിയ ശബ്ദരേഖയിൽ കോഴക്കാര്യം പരാമർശിക്കുന്നതിന്റെ ആധികാരികത പരിശോധിക്കാൻ തീരുമാനിച്ചത്. തുടർന്നാണ് സംഭാഷണങ്ങളടങ്ങിയ ഫോൺ ഫൊറൻസിക് സയൻസ് ലാബിൽ പരിശോധനയ്ക്ക് അയച്ചത്.

പരിശോധനാ റിപ്പോര്‍ട്ട് അന്വേഷണസംഘം തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. നാലാം തീയതി കോടതി കേസ് പരിഗണിക്കുമ്പോള്‍ ഇതുകൂടി പരിശോധിക്കും. ശബ്ദരേഖ തെളിവായി സ്വീകരിക്കാനാവില്ലെന്നാണ് വിജിലന്‍സ് വിലയിരുത്തല്‍.

അതേ സമയം സംഭാഷണം റെക്കാർഡ് ചെയ്‌ത ഫോൺ പൂർണമായും പരിശോധിക്കാതെ സി.ഡി മാത്രമായിട്ടാണ് പരിശോധിച്ചതെന്ന് ബിജു രമേശ് പ്രതികരിച്ചു. കേസ് അട്ടിമറിക്കാൻ വിജിലൻസ് ശ്രമിക്കുന്നെന്നും ബിജു രമേശ് ആരോപിച്ചു.