‘ജിയോ സൗജന്യസേവനം’ നല്‍കിയിട്ടും മുകേഷ് അംബാനി ഏഷ്യയിലെ സമ്പന്നരില്‍ രണ്ടാമനായത് എങ്ങനെ?

single-img
1 August 2017

മുംബൈ: കുറഞ്ഞ ഡാറ്റ നിരക്കും, ജിയോ സൗജന്യ 4ജി ഫീച്ചര്‍ഫോണും അവതരിപ്പിച്ച് മുകേഷ് അംബാനി ഏഷ്യയിലെ സമ്പന്നരുടെ പട്ടികയില്‍ രണ്ടാമതെത്തി. സൗജന്യ 4ജി ഫീച്ചര്‍ ഫോണ്‍ പ്രഖ്യാപിച്ചതോടെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില റെക്കോഡ് ഉയരത്തിലെത്തിയത്. ജിയോ തരംഗത്തില്‍ ഈവര്‍ഷം കമ്പനിയുടെ ഓഹരി വിലയില്‍ 49 ശതമാനമാണ് നേട്ടമുണ്ടായത്. ചൊവ്വാഴ്ച 1625 രൂപ നിലവാരം വരെ ഓഹരി വിലയെത്തി.

ഓഹരി വില കുതിച്ചതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായ മുകേഷ് അംബാനിയുടെ സ്വത്തില്‍ 77,000 കോടിയുടെ(12.1 ബില്യണ്‍ ഡോളര്‍)വര്‍ധനവാണുണ്ടായതെന്ന് ബ്ലൂംബെര്‍ഗിന്റെ കോടീശ്വര സൂചിക പറയുന്നു. അതേസമയം സ്വത്തില്‍ കോടികള്‍ വര്‍ധിച്ചപ്പോഴും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കടബാധ്യത 15 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയിലെത്തുകയാണുണ്ടായത്. 2017 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനത്തിന്റെയും കടത്തിന്റെയും അനുപാതം നാല് മടങ്ങാണ് വര്‍ധിച്ചത്.

2000 കോടി രൂപയോളം മുടക്കിയ ടെലികോം ബിസിനസില്‍നിന്ന് കാര്യമായ നേട്ടമൊന്നും ഇതുവരെ കമ്പനിക്ക് ലഭിച്ചിട്ടില്ല. എണ്ണ ശുദ്ധീകരണം, പെട്രോകെമിക്കല്‍സ്, റീട്ടെയില്‍, മീഡിയ തുടങ്ങിയ ബിസിനസില്‍നിന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 90 ശതമാനം വരുമാനവും ലഭിക്കുന്നത്.

ജിയോയിലാണ് ഇനി കമ്പനിയുടെ പ്രതീക്ഷ. രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാവാകുകയെന്ന ലക്ഷ്യം കമ്പനിയുടെ വരുംവര്‍ഷങ്ങളിലെ വരുമാനത്തില്‍ പ്രതിഫലിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.