നടി ക്ഷമിച്ചു: ഇനി കേസ് റദ്ദാക്കണമെന്ന് അജു വര്‍ഗീസ്

single-img
1 August 2017

കൊച്ചി: ആക്രമണത്തിന് ഇരയായ നടിയുടെ പേര് ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ അജു വര്‍ഗീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

അജു വര്‍ഗീസിനെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് കാണിച്ച്‌ നടി നല്‍കിയ സത്യവാങ്മൂലവും ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

ഇരയുടെ പേര് പരസ്യപ്പെടുത്തിയ കേസില്‍ കളമശേരി പോലീസാണ് അജു വര്‍ഗീസിനെതിരേ കേസെടുത്തിരുന്നത്. അജുവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം മൊബൈല്‍ ഫോണും അടുത്തിടെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

തന്നെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ അജു ശ്രമിക്കില്ലെന്നാണ് നടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. മനപൂര്‍വം ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും നടി തന്റെ അടുത്ത സുുഹൃത്താണെന്നും അജുവും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.