പ്രേതത്തെ പേടിച്ച് എയര്‍ ഇന്ത്യ ജീവനക്കാര്‍

single-img
1 August 2017

ചിക്കാഗോ: എയര്‍ ഇന്ത്യയുടെ ജീവനക്കാര്‍ താമസിക്കുന്ന ചിക്കാഗോയിലെ ഹോട്ടലില്‍ പ്രേതബാധ. ഹോട്ടല്‍ മുറിയില്‍ പ്രവേശിക്കുന്നതോടെ അസാധാരണവും ഭീതിജനകവുമായ കാര്യങ്ങളാണ് സംഭവിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. അഭൗതിക ശക്തികള്‍ ഹോട്ടല്‍മുറിയില്‍ പ്രവര്‍ത്തിക്കുന്നതുമൂലമാണ് ഇതെന്നാണ് ജീവനക്കാര്‍ പറയുന്നത്. വാതിലുകള്‍ കൊട്ടിയടയ്ക്കുക, ബള്‍ബുകള്‍ മിന്നിക്കെടുക, വിചിത്ര ശബ്ദങ്ങള്‍ കേള്‍ക്കുക, അപരിചിതമായ ഗന്ധം അനുഭവപ്പെടുക തുടങ്ങി പതിവു ‘പ്രേതലക്ഷണങ്ങള്‍’ തന്നെയാണ് ഹോട്ടല്‍ മുറിയില്‍ ജീവനക്കാര്‍ നേരിടുന്നത്.

റൂമില്‍ എത്തി ഉറങ്ങാന്‍ കിടക്കുമ്പോള്‍ പലവിധത്തിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കുന്നു. ഇടയ്ക്കിടെ അടക്കിപിടിച്ച കരച്ചിലും ചിരിയും കേള്‍ക്കാം. പിന്നീട് ഡോറില്‍ ശക്തമായി ആഞ്ഞടിക്കുന്നതു പോലെ ഉച്ചത്തില്‍ ശബ്ദവും ഇടയ്ക്കിടെ ലൈറ്റുകള്‍ മിന്നിയും തെളിഞ്ഞും നില്‍ക്കും. ജനാലയിലൂടെ വെളിയിലേക്ക് നോക്കുമ്പോള്‍ കറുത്ത് മെലിഞ്ഞ സത്രീ ശരീരമെന്ന് തോന്നിക്കുന്ന എന്തോ ഒന്ന് ഞൊടിയിടയില്‍ അങ്ങോട്ടും ഇങ്ങോട്ടും പായുന്നത് കാണാം. വിയര്‍ത്ത് കുളിച്ച ശരീരവുമായി വെള്ളം കുടിക്കാനായി ബോട്ടില്‍ തിരയുമ്പോഴേക്കും പ്രേതം അപ്രത്യക്ഷമായിരിക്കും. ജീവനക്കാര്‍ പറയുന്നു.

ഒറ്റയ്ക്ക് റൂമില്‍ കിടക്കാന്‍ ഭയമായതിനാല്‍ ഒന്നിലധികം ജീവനക്കാര്‍ ഒരുമിച്ചാണ് മുറിയില്‍ കഴിയുന്നത്. എയര്‍ ഇന്ത്യയുടെ കാബിന്‍ ക്രൂ മേധാവി പ്രേതശല്യം ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് കത്തെഴുതിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹോട്ടലില്‍ അദൃശ്യ ശക്തികളുടെ സാന്നിദ്ധ്യം മൂലം ജീവനക്കാര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹോട്ടലില്‍ താമസിക്കുന്ന ജീവനക്കാരില്‍ ഭൂരിപക്ഷവും ഇത്തരം പ്രശ്‌നം നേരിടുന്നതായി കത്തില്‍ പറയുന്നു.

എയര്‍ ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതില്‍ ജീവനക്കാര്‍ ഹോട്ടലില്‍ കഴിയാന്‍ നിര്‍ബന്ധിതരാവുകയാണ്. ഒരിക്കല്‍ ഹോട്ടലില്‍ കഴിയാന്‍ ഇടവന്നവര്‍ പിന്നീട് ചിക്കാഗോയിലേക്കുള്ള വിമാനങ്ങളില്‍ ഡ്യൂട്ടി ചെയ്യാന്‍ തയ്യാറാവുന്നില്ല. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് വിഷയത്തില്‍ അടിയന്തിര നടപടിയെടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. അതേസമയം, പ്രേതശല്യത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും ചിക്കാഗോയിലെ ഓഫീസുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.