രാജാറാമിന്റെ ജീവനെടുത്തത് ഡെങ്കിപ്പനിയല്ലെന്ന വെളിപ്പെടുത്തലുമായി മകള്‍ സൗഭാഗ്യ

single-img
31 July 2017

നടി താരാ കല്യാണിന്റെ ഭര്‍ത്താവും നടനുമായ രാജാറാമിന്റെ മരണകാരണം ഡെങ്കിപ്പനിയല്ലെന്ന വിശദീകരണവുമായി മകള്‍ സൗഭാഗ്യ. തന്റെ അച്ഛനെക്കുറിച്ച് വരുന്ന തെറ്റായ വാര്‍ത്തകള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിലാണ് സൗഭാഗ്യ വിശദീകരണം നല്‍കിയത്.

അച്ഛന്റെ മരണത്തിനു കാരണമായത് ഡങ്കിപ്പനിയല്ല മറിച്ച് വൈറല്‍ ഫീവര്‍ ഗുരുതരമായി ചെസ്റ്റ് ഇന്‍ഫക്ഷനിലേക്ക് എത്തിയതാണെന്ന് സൗഭാഗ്യ പറയുന്നു. അത് നെഞ്ചിലെ അണുബാധയ്ക്കു കാരണമായി. പിന്നീട് സെപ്റ്റിസീമിയ എന്ന അവസ്ഥയിലെത്തുകയും അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുകയുമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി .

മാത്രമല്ല നിരവധി സീരിയലുകളില്‍ ഹീറോ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹത്തെ പല മാധ്യമങ്ങളും ഏതാനും സീരിയലുകളിലും സിനിമകളിലും ചെറുവേഷങ്ങളില്‍ എത്തിയ അഭിനേതാവ് എന്നാണു വിശേഷിപ്പിച്ചിരുന്നത്. ഇതു തന്നെ വിഷമിപ്പിച്ചുവെന്നും തന്റെ അച്ഛന്‍ കരിയറില്‍ അത്ര വലിയ വിജയം കാഴ്ച്ച വച്ചില്ലെങ്കിലും നിരവധി സീരിയലുകളില്‍ ഹീറോ ആയി അഭിനയിച്ചിട്ടുള്ളയാണെന്നും സൗഭാഗ്യ പറയുന്നു

മനോരമ വിഷന്റെ ആദ്യത്തെ സീരിയലായിരുന്ന ദേശാടനപ്പക്ഷിയിലെ നായകനായിരുന്നു രാജാറാം. നിഴല്‍യുദ്ധം എന്ന ദൂരദര്‍ശന്‍ സീരിയലില്‍ നായകനായാണ് അദ്ദേഹം അരങ്ങേറിയത്. 20 മെഗാസീരിയലുകളില്‍ നായകനായിരുന്ന രാജാറാം ജനപ്രിയനായ മിനിസ്‌ക്രീന്‍ താരമായിരുന്നു. തെറ്റായ വാര്‍ത്തകള്‍ എന്റെ പിതാവിനെ അപമാനിക്കുന്നതിനു തുല്യമാണെന്നും സൗഭാഗ്യ പറയുന്നു.