കുട്ടികള്‍ പഠിക്കുന്നത് സ്‌കൂളിലെ ശൗചാലയത്തിലിരുന്ന്: ഈ ദുരവസ്ഥ മറ്റെവിടെയുമല്ല ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍

single-img
31 July 2017

ഭോപ്പാല്‍: വികസനത്തില്‍ ഇന്ത്യ കുതിച്ചു ചാടുകയാണെന്ന വീരവാദം മുഴക്കുമ്പോള്‍ മധ്യപ്രദേശിലെ ഒരു സ്‌കൂളില്‍ പിഞ്ചുകുട്ടികള്‍ പഠനം നടത്തുന്നത് കക്കൂസ് മുറിയില്‍. നീമച്ച് ജില്ലയിലെ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് സ്‌കൂള്‍ കെട്ടിടമില്ലാത്തതിനാല്‍ കക്കൂസ് താത്ക്കാലിക പഠനമുറിയാക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.

‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ എന്ന ആഹ്വാനമുയര്‍ത്തിയ പ്രധാനമന്ത്രിയുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്തു നിന്നു തന്നെയാണ് ഇത്തരമൊരു വാര്‍ത്ത പുറത്തു വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. സംസ്ഥാനത്ത് വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചുവെന്ന് അവകാശപ്പെടുന്നതിനിടയ്ക്കാണ് കക്കൂസിലിരുന്ന് പഠിക്കുന്ന കുട്ടികളുടെ ദയനീയ ചിത്രം പുറത്തായിരിക്കുന്നത്.

നീമച്ച് ജില്ലാ ആസ്ഥാനത്ത് നിന്ന് 35കിമി മാത്രം അകലെയുള്ള മൊഖാംപുര ഗ്രാമത്തിലാണ് സംഭവം. ഏകാധ്യാപക വിദ്യാലയമായ ഈ പ്രൈമറി സ്‌കൂളിന് കെട്ടിടമില്ലാത്തതിനാലാണ് ഉപയോഗശൂന്യമായ കക്കൂസ് പഠനമുറിയാക്കി പഠനം തുടരേണ്ടുന്ന ദുരവസ്ഥ കൈവന്നത്.

2012ല്‍ ആരംഭിച്ച സ്‌കൂള്‍ വാടകകെട്ടിത്തിലാണ് ഇത്രയും നാള്‍ പ്രവര്‍ത്തിച്ചത്. വാടക കെട്ടിടം ലഭ്യമാവാതെ വന്നപ്പോഴാണ് ഉപയോഗശൂന്യമായ കക്കൂസിലേക്ക് പഠനമുറി മാറ്റപ്പെട്ടത്. കെട്ടിടം വരുന്നതുവരെ കാത്തിരിക്കുകയാണെങ്കില്‍ കുട്ടികളുടെ പഠനം മുടങ്ങുകയേ ഉള്ളുവെന്ന് അധ്യാപകന്‍ പറഞ്ഞു.

മഴനനയാതെയും വെയിലേല്‍ക്കാതെയും പഠിപ്പിക്കുക എന്ന ലക്ഷ്യം ഉള്ളതുകൊണ്ടു മാത്രമാണ് നിലവില്‍ ലഭ്യമായ ശൗചാലയത്തില്‍ കുട്ടികളെ ഇരുത്തി പഠിപ്പിക്കുന്നതെന്നാണ് അധ്യാപകന്‍ കൈലാഷ് ചന്ദ്രയുടെ വിശദീകരണം.

‘വേനല്‍കാലത്ത് കാലാവസ്ഥ അനുകൂലമാവുമ്പോള്‍ കുട്ടികളെ മരച്ചുവട്ടിലിരുത്തി പഠിപ്പിക്കാറുണ്ട്. എന്നാല്‍ മഴക്കാലമായതിനാല്‍ ഗതികേട് കൊണ്ടാണ് കക്കൂസില്‍ ഇരുത്തി കുട്ടികളെ പഠിപ്പിക്കുന്നതെന്നും’ അദ്ദേഹം പറഞ്ഞു.

ചിലപ്പോള്‍ ആട്ടിന്‍കുട്ടികളെയും ഈ 34 കുട്ടികള്‍ പഠിക്കുന്ന കക്കൂസ് മുറിയില്‍ കെട്ടിയിട്ടതായി കാണാം. അത്ര ദയനീയമാണ് ഇവിടുത്തെ അവസ്ഥ.

അതേസമയം ഗ്രാമത്തില്‍ ഇത്തരത്തിലൊരു സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലും മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എക്ക് അറിവില്ല. പലതവണ സ്‌കൂളിന്റെ ദയനീയാവസ്ഥ മണ്ഡലത്തിലെ ബിജെപി എംഎംഎല്‍എ കൈലാഷ് ചൗലയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്ന് അധ്യാപകന്‍ കുറ്റപ്പെടുത്തുന്നു. ഇത്തരം ഒരു സ്‌കൂള്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം അദ്ദേഹം നിഷേധിക്കുകയുണ്ടായി.