സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ഹൈക്കോടതി തീരുമാനിക്കട്ടേയെന്ന് സുപ്രീംകോടതി

single-img
31 July 2017


ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ സീറ്റുകളിലെ പ്രവേശന ഫീസ് ഹൈക്കോടതി തീരുമാനിക്കട്ടെയെന്ന നിര്‍ദ്ദേശവുമായി സുപ്രീം കോടതി. ഓഗസ്റ്റ് ഏഴിനകം ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കണമെന്നും വിധി വരുന്നത് വരെ സ്വാശ്രയ മെഡിക്കല്‍ ദന്തല്‍ പ്രവേശനം നടത്തരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

സ്വാശ്രയ എംബിബിഎസ് ഫീസ് വര്‍ധന ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതി വിധിക്കെതിരെ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. മേല്‍നോട്ട സമിതി നിശ്ചയിച്ച ഫീസ് അംഗീകരിക്കാനാകില്ലെന്നും, എല്ലാ കോളേജുകള്‍ക്കും ഒരേ ഫീസ് പ്രായോഗികമല്ലെന്നും വാദിച്ചാണ് മാനേജ്‌മെന്റുകള്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കുമെന്നും മാനേജ്‌മെന്റുകള്‍ വാദിക്കുകയുണ്ടായി.

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ് ജനറല്‍ വിഭാഗത്തിലെ 85 ശതമാനം സീറ്റില്‍ അഞ്ച് ലക്ഷം രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ്. എന്‍ആര്‍ഐ സീറ്റില്‍ 20 ലക്ഷം രൂപയാണ് ഫീസ്. ബിഡിഎസ് ഫീസ് 2.9 ലക്ഷം രൂപയാണ്. ബിഡിഎസ് എന്‍ആര്‍ഐ സീറ്റില്‍ ആറു ലക്ഷമാണ് ഫീസ്.