ഖത്തര്‍ ഉപരോധത്തില്‍ നിലപാട് കടുപ്പിച്ച് സൗദിസഖ്യ രാജ്യങ്ങള്‍

single-img
31 July 2017

മനാമ: ഖത്തറിനോടുള്ള നിലപാട് കടുപ്പിച്ച് സൗദി അനുകൂല രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ബഹ്‌റൈനില്‍ നടന്നു. തങ്ങള്‍ ഉന്നയിച്ച പതിമൂന്ന് ആവശ്യങ്ങള്‍ അംഗീകരിക്കുകയും ഭീകര സംഘങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നത് അവസാനിപ്പിക്കുകയും ചെയ്യണമെന്ന് യോഗം ഖത്തറിനോട് ആവശ്യപ്പെട്ടു.

സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ നാലു രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരാണ് ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്.

നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും തങ്ങളുന്നയിച്ച ആവശ്യങ്ങള്‍ ഖത്തര്‍ അംഗീകരിച്ചാല്‍ മാത്രം വിഷയത്തില്‍ ചര്‍ച്ചയുമായി മുന്നോട്ടു പോകാന്‍ തയ്യാറാണെന്നും യോഗശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിമാര്‍ വ്യക്തമാക്കി.

‘ഖത്തര്‍ ഭരണകൂടത്തോട് തങ്ങള്‍ ഇതിനകം ഉന്നയിച്ച ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിച്ചാല്‍ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറാകുമെന്ന്’ ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ വ്യക്തമാക്കി.

ഇറാനുമായി കക്ഷി ചേര്‍ന്ന് അറബ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്ന ഖത്തറിന്റെ സമീപനം അംഗീകരിക്കാനാവില്ലെന്നും തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഖത്തര്‍ ഗൗരവത്തിലെടുത്തില്ലെന്നും സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ വ്യക്തമാക്കി. ഹജ്ജിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നു എന്ന ഖത്തറിന്റെ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.