നിതീഷിന്റെ ചുവടുമാറ്റം ദൗർഭാഗ്യകരമെന്ന് ശരത് യാദവ്

single-img
31 July 2017

ന്യൂഡല്‍ഹി: ബിഹാറിലെ മഹാസഖ്യം തകര്‍ത്ത് നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ബിജെപിയിലേക്കുള്ള ചുവടുമാറ്റം ദൗര്‍ഭാഗ്യകരമെന്ന് ജെഡിയുവിന്റെ മുതിര്‍ന്ന നേതാവ് ശരത് യാദവ്. ‘ബിഹാറിലെ സംഭവവികാസങ്ങളുമായി യോജിക്കാനാവില്ല. ഇത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്.

രാഷ്ട്രീയമായ ഈ അട്ടിമറിയോടെ ജനവിധി ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഇതിനുവേണ്ടിയല്ല ജനങ്ങള്‍ വോട്ടുചെയ്തതെന്നും’ പാര്‍ലമെന്റിനു പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

നീതീഷ് കുമാര്‍ ആര്‍ജെഡി- കോണ്‍ഗ്രസ്-ജെഡിയു മഹാ സഖ്യം വിടുകയും ബിജെപിക്ക് ഒപ്പം ചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ശരത് യാദവ് ഇതുവരെ പ്രതികരിച്ചിരുന്നില്ല.

അതേസമയം മഹാസഖ്യം തകര്‍ക്കപ്പെട്ടതില്‍ അതൃപ്തി പ്രകടിപ്പിച്ച ശരത് യാദവ്, നിതീഷിന്റെ നീക്കത്തോടുള്ള നീരസം നേരത്തെ ട്വിറ്ററിലൂടെ പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ഡല്‍ഹിയിലെ വസതിയില്‍ വെച്ച് നിരവധി പ്രതിപക്ഷനേതാക്കളുമായി ശരത് യാദവ് കൂടിക്കാഴ്ചയും നടത്തിയിരുന്നു.