മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു: ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് വിമുക്ത സൈനികരുടെ കത്ത്

single-img
31 July 2017

രാജ്യത്ത് മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് അറിയിച്ച് വിമുക്ത ഭടന്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. കര, നാവിക, വ്യോമസേനകളിലെ നൂറിലേറെ വിരമിച്ച ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

ജാതിയുടെയും മതത്തിന്റെയും പേരില്‍ നിരപരാധികളെ ആക്രമിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതല്ല. തീവ്ര ഹിന്ദുത്വവാദികള്‍ നടത്തുന്ന അതിക്രമങ്ങളെ ശക്തമായി അപലപിക്കുന്നു. അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെയും മാധ്യമപ്രവര്‍ത്തകരെയും ദേശദ്രോഹികളായി മുദ്രകുത്തുന്ന രീതിയാണ് ഇപ്പോള്‍ നടക്കുന്നത് എന്ന്’ നോട്ട് ഇന്‍ മൈ നെയിം’ എന്ന കാംപയിനിന്റെ ഭാഗമായി എഴുതിയ കത്തില്‍ പറയുന്നു.

പശുവിന്റെ പേരിലുള്ള ആക്രമണങ്ങളെ ന്യായീകരിക്കാനാകില്ല. നാനാത്വത്തില്‍ ഏകത്വം എന്നത് നമ്മുടെ രാജ്യത്തിന്റെ കെട്ടുറപ്പില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമായിരുന്നു. എന്നാല്‍ ഇന്ന് അതിന് ഇളക്കം സംഭവിക്കുന്ന കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും മുന്‍ സൈനികര്‍ ചൂണ്ടിക്കാട്ടുന്നു. ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രധാനമന്ത്രിയുടെ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നാണ് വിമുക്തസൈനികരുടെ പ്രധാന ആവശ്യം.