ഒമാനില്‍ വിദേശ നിക്ഷേപം കൂടി: രാജ്യം വളര്‍ച്ചയുടെ പാതയിലെന്ന് സാമ്പത്തിക വിദഗ്ധര്‍

single-img
31 July 2017

ഒമാനിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വര്‍ധന. 2015നെ അപേക്ഷിച്ച് നോക്കുമ്പോള്‍ 0.8 ശതകോടി റിയാലിന്റെ വര്‍ധനവാണ് ഉണ്ടായത്.
7.4 ശതകോടി റിയാലാണ് കഴിഞ്ഞ വര്‍ഷം അവസാനം വരെ രാജ്യത്ത് വിദേശ നിക്ഷേപമായി എത്തിയത്. ആരോഗ്യകരമായ സൂചനയാണിതെന്നും സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെയും വളര്‍ച്ചയുടെയും പാതയില്‍ രാജ്യം ശരിയായ ദിശയില്‍ തന്നെയാണെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

എണ്ണ, വാതക പര്യവേക്ഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ വര്‍ഷത്തെ നിക്ഷേപത്തിന്റെ 47.9 ശതമാനവും. റിയല്‍ എസ്റ്റേറ്റ്, റെന്റല്‍ മേഖലകളിലെ നിക്ഷേപം എട്ടര ശതമാനവും മറ്റ് മേഖലകളിലേത് 12.8 ശതമാനവും വര്‍ധിച്ചു. നിര്‍മാണ മേഖലയില്‍ മാത്രം 986.4 ദശലക്ഷം റിയാലാണ് വിദേശനിക്ഷേപം.

ബിട്ടനാണ് ഒമാനിലെ വിദേശ നിക്ഷേപരില്‍ ഒന്നാമത്. 2.797 ശതകോടി റിയാലാണ് ബ്രിട്ടന്റെ നിക്ഷേപം. യുഎഇ 924.8 ദശലക്ഷം റിയാലും കുവൈത്ത് 396.1 ദശലക്ഷം റിയാലുമാണ് ഒമാനില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഖത്തര്‍, ബഹ്‌റൈന്‍, ഇന്ത്യ, നെതര്‍ലന്‍ഡ്‌സ്, അമേരിക്ക, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയാണ് തൊട്ടുപിന്നിലെ സ്ഥാനങ്ങളില്‍. ഏറ്റവും അത്യാവശ്യമുള്ള സമയത്ത് നിക്ഷേപം രാജ്യത്തേക്ക് എത്തുക എന്നത് ശുഭവാര്‍ത്തയാണെന്ന് ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചീഫ് ഇക്കണോമിസ്റ്റ് ഫാബിയോ സ്‌കാസിയവില്ലാനി പറഞ്ഞു.