ഇന്ത്യയില്‍ പത്രസ്വാതന്ത്ര്യം കുറയുന്നോ: ബിജെപി വിരുദ്ധ വാര്‍ത്തകള്‍ അപ്രത്യക്ഷമാകുന്നതിനു പിന്നില്‍ എന്ത്?

single-img
31 July 2017

ന്യൂഡല്‍ഹി: ബിജെപി നേതാക്കള്‍ക്കും സര്‍ക്കാരിനുമെതിരെ നല്‍കിയ വാര്‍ത്തകള്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് പ്രമുഖ ദേശീയ മാധ്യമങ്ങള്‍. വിശദീകരണങ്ങളൊന്നും ഇല്ലാതെ തന്നെ പല വാര്‍ത്തകളും പ്രസിദ്ധീകരിച്ചയുടന്‍ പിന്‍വലിച്ചിരിക്കുകയാണ്.

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പെട്ടെന്നുള്ള സ്വത്ത് വര്‍ധന, തനിക്ക് ബിരുദം ഇല്ലെന്ന കേന്ദ്രമന്ത്രി സമൃതി ഇറാനിയുടെ സത്യവാങ്മൂലം തുടങ്ങിയവയെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പിന്‍വലിക്കുകയുണ്ടായി. ടൈംസ് ഓഫ് ഇന്ത്യ, ഇക്കണോമിക് ടൈംസ്, ഡി.എന്‍.എ, ഔട്ട് ലുക്ക് തുടങ്ങിയ പ്രധാന പ്രസിദ്ധീകരണങ്ങളെല്ലാം വെബ്‌സെറ്റുകളില്‍ നിന്ന് ഇത്തരം വാര്‍ത്തകള്‍ ഒഴിവാക്കുകയുണ്ടായി.

അമിത്ഷാ, സ്മൃതി ഇറാനി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ ആസ്തിയില്‍ നാല് വര്‍ഷം കൊണ്ടുണ്ടായ വന്‍ വര്‍ധനവിനെപ്പറ്റി ടൈംസ് ഓഫ് ഇന്ത്യയുടെ അഹമ്മദാബാദ് എഡിഷനില്‍ 29ആം തിയതി വാര്‍ത്ത വന്നിരുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഷാ 2012ല്‍ സമര്‍പ്പിച്ച സ്വത്തു വിവരങ്ങളും അതിനു ശേഷമുണ്ടായ വളര്‍ച്ചയും റിപ്പോര്‍ട്ട് അക്കമിട്ട് നിരത്തുകയുണ്ടായി.

ഈ വാര്‍ത്ത തന്നെ ടൈംസ് ഗ്രൂപ്പിന്റെ മറ്റു പത്രങ്ങളായ നവഭാരത് ടൈംസ്, ഇക്കണൊമിക് ടൈംസ് എന്നീ പത്രങ്ങളുടെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ വെബ്‌സൈറ്റില്‍ മണിക്കൂറുകള്‍ മാത്രമായിരുന്നു ഇവയുടെ ആയുസ്സ്. ഇപ്പോള്‍ അമിത്ഷായുടെ ആസ്തിയെകുറിച്ച് പരതിയാല്‍ വാര്‍ത്താലിങ്കുകള്‍ കാണാം. പക്ഷേ തുറന്നാല്‍ വാര്‍ത്ത കാണില്ല.

ഡിഎന്‍എ, ഔട്ട് ലുക്ക്, വണ്‍ ഇന്ത്യ തുടങ്ങി ഒട്ടുമിക്ക വാര്‍ത്ത വെബ്‌സൈറ്റുകളിലെയും സ്ഥിതി സമാനമാണ്. കേന്ദ്ര മന്ത്രി സമൃതി ഇറാനി തനിക്ക് ബികോം ബിരുദയോഗ്യത ഇല്ലെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പുതിയ സത്യവാങ്മൂലം നല്‍കിയെന്ന വാര്‍ത്തയും അപ്രത്യക്ഷമായിട്ടുണ്ട്.

അദാനി ഗ്രൂപ്പിന് നേട്ടമുണ്ടാക്കിക്കൊടുക്കുന്ന തരത്തില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ചൊരിഞ്ഞു കൊടുത്തെന്ന തരത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചതിനെ ചൊല്ലി ഇന്ത്യയിലെ മികച്ച വാരികകളിലൊന്നായ ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്ക്‌ലി എഡിറ്റര്‍ക്ക് രാജിവയ്‌ക്കേണ്ടി വന്നിരുന്നു. ഈ ലേഖനവും അവരുടെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച സൂശീല്‍ ആരോണ്‍ എഴുതിയ മോഡി സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടുള്ള ലേഖനം അവരുടെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

വിമര്‍ശനാത്മക വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളെ സര്‍ക്കാര്‍ വേട്ടയാടുന്നു എന്ന പരാതി നേരത്തെ തന്നെയുണ്ട്. രാജ്യത്ത് പത്രസ്വാതന്ത്ര്യം കുറയുന്നു എന്ന പഠന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഇതിനിടയിലാണ് പ്രമുഖ മാധ്യമങ്ങളില്‍ നിന്ന് ബിജെപി വിരുദ്ധ വാര്‍ത്തകള്‍ അപ്രത്യക്ഷമാകുന്നത്.