മഅദനിക്ക് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി

single-img
31 July 2017

ന്യൂഡല്‍ഹി: മകന്റെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് സുപ്രീംകോടതി അനുമതി നല്‍കി. മഅദനി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി തീരുമാനം.

ഓഗസ്റ്റ് 1 മുതല്‍ 14 വരെ മഅദനിക്ക് കേരളത്തില്‍ തങ്ങാനാണ് അനുമതി. കേരള സന്ദര്‍ശനത്തിലെ സുരക്ഷയുടെ ചെലവ് മഅദനി വഹിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഓഗസ്റ്റ് ഒന്‍പതിന് തലശേരിയില്‍ വച്ചാണ് വിവാഹം നടക്കുന്നത്.

മഅദനിക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുന്നതിനെ കര്‍ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ചികിത്സാ ആവശ്യങ്ങള്‍ക്കായി മഅദനിക്ക് നേരത്തെ ജാമ്യം അനുവദിച്ച് ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ബെംഗളൂരുവിന് പുറത്തേക്ക് പോവാന്‍ അനുവാദമുണ്ടായിരുന്നില്ല. അതേസമയം രോഗബാധിതയായ അമ്മയെ കാണാന്‍ പോവുന്നതിന് കോടതി അനുവാദം നല്‍കിയിരുന്നു.