മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉപദേശവുമായി കെ സുരേന്ദ്രന്‍ • ഇ വാർത്ത | evartha
Kerala

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉപദേശവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ബിജെപി-സിപിഎം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് കടക്കൂ പുറത്തെന്ന് ആക്രോശിച്ച മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ ഒരാള്‍ പോലും പ്രതികരിക്കാതിരുന്നതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍.

മുഖ്യമന്ത്രി ‘കടക്കൂ പുറത്ത്’ എന്നാജ്ഞാപിച്ചപ്പോള്‍, തിരിഞ്ഞുനിന്ന് ‘സൗകര്യമില്ല’ എന്ന് ഉച്ചത്തില്‍ ആരും പറഞ്ഞില്ല എന്നുള്ളതും ഒരു പ്രശ്‌നം തന്നെയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കടക്കൂ പുറത്ത് എന്നു പറഞ്ഞപ്പോള്‍ തിരിഞ്ഞു നിന്ന് സൗകര്യമില്ല എന്ന് ഉച്ചത്തില്‍ ആരും പറഞ്ഞില്ല എന്നുള്ളതും ഒരു പ്രശ്‌നം തന്നെയാണ്. പലരും പുറത്തിറങ്ങി നിന്ന് അടക്കം പറയുന്നത് കേള്‍ക്കാമായിരുന്നു. അടിയന്തിരാവസ്ഥാ കാലത്ത് ഇന്ദിരാ ഗാന്ധി കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞവരാണ് തൊണ്ണൂറ്റി ഒന്‍പതു ശതമാനം മാധ്യമപ്രവര്‍ത്തകരും. വടക്കേ ഇന്ത്യയിലെ ഏതെങ്കിലും മുഖ്യമന്ത്രി ആയിരുന്നു ഇങ്ങനെ പ്രതികരിച്ചിരുന്നതെങ്കില്‍ കേരളത്തിലെ സാംസ്‌കാരിക നായകന്‍മാര്‍ ഇതിനോടകം ബാക്കിയുള്ള പുരസ്‌കാരങ്ങള്‍ കൂടി (പുരസ്‌കാരങ്ങള്‍ മാത്രം പണമില്ല) തിരിച്ചുകൊടുക്കുമായിരുന്നു.