മൂന്നരമാസം പ്രായമുള്ള ആണ്‍കുട്ടിയുടെ മരണം കൊലപാതകമെന്ന് പോലീസ്

single-img
31 July 2017


ഇടുക്കി: കട്ടപ്പനയില്‍ മൂന്നരമാസം പ്രായമുള്ള ആണ്‍കുട്ടിയുടെ മരണം കൊലപാതകമെന്ന് പോലീസ്. കുട്ടിയുടെ തലയില്‍ ഏറ്റ രണ്ട് മുറിവുകളാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇത് വ്യക്തമാക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്തു. ഇയാളായിരുന്നു ചോരവാര്‍ന്നൊഴുകുന്ന കുട്ടിയുമായി ആശുപത്രിയിലെത്തിയിരുന്നത്. ചെവിയില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്നത് കണ്ടതിനെ തുടര്‍ന്നാണ് കുട്ടിയെ താന്‍ ചെറുതോണിയിലെ ആശുപത്രിയിലെത്തിച്ചതെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. കുട്ടിയെ പിന്നീട് തുടര്‍ ചികിത്സയ്ക്കായി കട്ടപ്പനയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കുട്ടി തൊട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റെന്നാണ് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ കുട്ടിയുടെ തലയില്‍ മുറിവ് കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ പോലീസ് പിതാവിനെ ചോദ്യം ചെയ്യുകയായിരുന്നു. പക്ഷേ ഇയാള്‍ ചോദ്യം ചെയ്യലിനോട് പൂര്‍ണമായും സഹകരിച്ചിട്ടില്ല.

അതേസമയം കുട്ടിയുടെ അമ്മയ്ക്ക് മാനാസികസ്വാസ്ഥ്യം ഉള്ളതായി പോലീസിന് വിവരം ലഭിച്ചു. മരണവുമായി ബന്ധപ്പെട്ട് സമീപവാസികളില്‍ നിന്നും പോലീസ് മൊഴിയെടുക്കുന്നുണ്ട്. ഇടുക്കി സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.