കാവ്യാ മാധവനും ദിലീപും പറഞ്ഞത് പച്ചക്കള്ളം: ‘അഭിനയം പൊളിക്കാനുള്ള’ തെളിവുമായി പോലീസ്

single-img
31 July 2017

Donate to evartha to support Independent journalism

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി സുനില്‍കുമാറും ദിലീപും ഒരുമിച്ച് പത്ത് സിനിമകളില്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഇവയില്‍ ചിലതില്‍ കാവ്യാ മാധവനും അഭിനയിച്ചിരുന്നു. കാവ്യ മാധവനും ദിലീപുമായി സുനില്‍കുമാറിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മൂവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യക്ക് അടുത്ത ദിവസം നോട്ടീസ് നല്‍കും.

ചില സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് പോലീസിന് പുതിയ വിവരം കിട്ടിയിട്ടുള്ളത്. നേരത്തേ ചോദ്യം ചെയ്യലില്‍ തനിക്ക് കാവ്യയുമായി അടുത്തു പരിചയം ഉണ്ടെന്നും താന്‍ മുമ്പ് രണ്ടു മാസത്തോളം കാവ്യയുടെ ഡ്രൈവറായിരുന്നെന്നും സുനി മൊഴി നല്‍കിയിരുന്നു. എന്നാല്‍ തനിക്ക് സുനിയെ അറിയുകയേ ഇല്ലെന്നായിരുന്നു കാവ്യാമാധവന്‍ പോലീസിനോട് പറഞ്ഞത്. ഈ വൈരുദ്ധ്യം പൊളിക്കാനുള്ള തെളിവുകള്‍ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്.

നേരത്തേ സൗണ്ട് തോമ മുതല്‍ ജോര്‍ജ്ജേട്ടന്‍സ് പൂരം വരെയുള്ള സിനിമകളുടെ കാര്യം താന്‍ ആരോടും പറയില്ലെന്ന് സുനി ദിലീപിനെഴുതിയത് എന്ന് കരുതുന്ന കത്തിലും പറഞ്ഞിരുന്നതും പോലീസ് ഗൗരവമായി എടുത്തിരിക്കുകയാണ്. നടനും സുനിയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം എത്ര ശക്തമായിരുന്നെന്നാണ് പോലീസ് നോക്കുന്നത്. ഡ്രൈവറായും വെറും സന്ദര്‍ശകനായും ദിലീപിന്റെ ഏതൊക്കെ സിനിമകളില്‍ സുനി ഉണ്ടായിരുന്നെന്നു പരിശോധിക്കുകയാണ്.

ദിലീപും കാവ്യയും ഒരുമിച്ച് അവസാനം അഭിനയിച്ച ‘പിന്നെയും’ സിനിമയിലെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച പോലീസ് അന്വേഷണം നടത്തുകയും അവിടെ സുനിയുടെ സാന്നിദ്ധ്യം തിരിച്ചറിയുകയും ചെയ്തിരുന്നു. ഈ സെറ്റില്‍ നിന്നും മൂവരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

കഴിഞ്ഞ ദിവസം സിനിമയുടെ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് പോലീസിന് ഈ നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയത്. 2013 മാര്‍ച്ച് മുതല്‍ 2017 വരെ 13 സിനിമകള്‍ അഭിനയിച്ചതില്‍ 10 ലും സുനി ദിലീപിനെ കാണാന്‍ വന്നിരുന്നതായിട്ടാണ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നു.