കടലമ്മ കനിയുമോ?: വലനിറയെ പ്രതീക്ഷയുമായി രാത്രി ഇവര്‍ കടലിലേക്ക്

single-img
31 July 2017

Donate to evartha to support Independent journalism

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നരമാസം നീണ്ടുനിന്ന ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. രാത്രി 12 മണിയോടെ തന്നെ മത്സ്യബന്ധന ബോട്ടുകള്‍ കടലിലേക്കു പോയിത്തുടങ്ങും. ട്രോളിങ് നിരോധനം കഴിഞ്ഞുള്ള ആദ്യ മത്സ്യബന്ധനമായതു കൊണ്ടു തന്നെ കാലാവസ്ഥ അനുകൂലമാവുകയാണെങ്കില്‍ മികച്ച നേട്ടമാണ് മല്‍സ്യ തൊഴിലാളികള്‍ പ്രതീക്ഷിക്കുന്നത്.

നിരോധനകാലം കഴിഞ്ഞ് കടലിലേക്കു പോകാന്‍ സംസ്ഥാനത്തെ തീരങ്ങളില്‍ ബോട്ടുകള്‍ സജ്ജമായി കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം നീലയും ഓറഞ്ചും കലര്‍ന്ന നിറങ്ങളിലേക്ക് ബോട്ടുകളെല്ലാം മാറി കഴിഞ്ഞു.

കൊല്ലം ജില്ലയില്‍ 1,300ന് അടുത്ത് ബോട്ടുകളാണ് കടലിലേക്കു പോവുന്നത്. നീണ്ടകര, ശക്തികുളങ്ങര തുറമുഖങ്ങളില്‍ കടലിലേക്കു പോകാനുളള അവസാന മിനുക്കു പണികളിലാണു മല്‍സ്യ തൊഴിലാളികള്‍. വായ്പ എടുത്താണ് ഇവരില്‍ പല ബോട്ടുടമകളും ട്രോളിങ് നിരോധനകാലത്ത് അറ്റകുറ്റപ്പണി നടത്തിയത്.

അറ്റകുറ്റപ്പണികള്‍ക്കു ശേഷം ബോട്ടുകള്‍ എല്ലാം സജ്ജമായി. ഐസ് കട്ടകള്‍ പൊടിച്ചു ബോട്ടില്‍ സംഭരിക്കുന്ന ജോലികള്‍ ആരംഭിച്ചു. വലകള്‍ എല്ലാം ഒരുക്കിക്കഴിഞ്ഞു. കാലവസ്ഥ സഹായിച്ചാല്‍ വലനിറയെ മീനുകളുമായാകും നാളെ ബോട്ടുകള്‍ തിരിച്ചെത്തുക. നിരോനകാലത്തു ചെറിയ വള്ളങ്ങള്‍ക്ക് അത്യാവശ്യം നല്ല രീതിയില്‍ മീന്‍ ലഭിച്ചിരുന്നുവെന്നതാണ് ഇവരുടെ പ്രതീക്ഷ.