ഗ്യാസിന് മാസംതോറും നാലു രൂപ കൂടും: കേന്ദ്രത്തിന്റെ അടുത്ത ഇരുട്ടടി

single-img
31 July 2017

പാചക വാതക സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര തീരുമാനം. അടുത്ത വര്‍ഷം മാര്‍ച്ചോടെ സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കും. തീരുമാനം കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ലോക്‌സഭയെ അറിയിച്ചു. 2018 മാര്‍ച്ച് വരെ സിലിണ്ടറിന് മാസം തോറു നാലുരൂപ വച്ച് കൂട്ടാനാണ് കേന്ദ്ര തീരുമാനം. പൊതു മേഖലാ എണ്ണകമ്പനികള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം മെയ് മുപ്പതിന് തന്നെ കേന്ദ്രം നല്‍കിയിരുന്നു.

സബ്സിഡിയുള്ള 14.2 കിലോ സിലിണ്ടറിന് പരമാവധി രണ്ടു രൂപ വരെ വർധിപ്പിക്കാനാണ് എണ്ണക്കമ്പനികൾക്ക് ഇതുവരെ അനുമതി ഉണ്ടായിരുന്നത്. മാസാമാസം നാലു രൂപ വീതം വർധിപ്പിക്കുന്നതിലൂടെ, 2018 മാർച്ചോടെ സബ്സിഡി പൂർണമായും നിർത്തലാക്കാനാണ് നടപടിയെന്നും ലോക്സഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് എഴുതിത്തയ്യാറാക്കി നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി. 14.2 കിലോ സിലിണ്ടർ പരമാവധി 12 എണ്ണം വരെയാണ് ഓരോ വീട്ടിലും സബ്സിഡി നിര‍ക്കിൽ ലഭിക്കുക.

സബ്സിഡിയുള്ള പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും ഓരോ മാസവും വിലകൂട്ടാൻ നേരത്തേതന്നെ സർക്കാർ തീരുമാനിച്ചിരുന്നു. സബ്സിഡി കുറയ്ക്കുക എന്നതാണു ലക്ഷ്യം. സബ്സിഡികൾ നിർത്തലാക്കാൻ മുൻ യുപിഎ സർക്കാർ ഡീസലിനു പ്രതിമാസം 50 പൈസ വർധിപ്പിച്ചിരുന്നു. പാചകവാതകത്തിന്റെ കാര്യത്തിൽ ഇതേ പാത പിൻതുടരുകയാണു മോദി സർക്കാർ.