കോട്ടയത്ത് സിഐടിയു, ഡിവൈഎഫ്‌ഐ ഓഫീസുകള്‍ ആക്രമിച്ചു; പിന്നില്‍ ആര്‍എസ്എസെന്ന് സിപിഎം

single-img
31 July 2017

കോട്ടയം : കോട്ടയത്ത് സിഐടിയു, ഡിവൈഎഫ്‌ഐ ഓഫീസുകള്‍ക്ക് നേരെ ആക്രമണം. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് കോട്ടയത്തെ സിഐടിയു ഓഫീസിന് നേര്‍ക്ക് ആക്രമണമുണ്ടായത്. സിപിഎം, ഡിവൈഎഫ്‌ഐ, സിഐടിയു കൊടിമരങ്ങളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. രാത്രി കോട്ടയത്തെ ബിജെപി ഓഫീസിന് നേര്‍ക്ക് പെട്രോള്‍ ബോംബ് ആക്രമണം നടന്നിരുന്നു. ബൈക്കിലെത്തിയ അക്രമികള്‍ പെട്രോള്‍ ബോംബെറിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഇതിന് പിന്നാലെയാണ് സിഐടിയു ഓഫീസ് അടക്കമുള്ളവയ്ക്കു നേരെ ആക്രമണം നടന്നത്. കൂരോപ്പടയിലെ സിപിഎം ലോക്കല്‍കമ്മിറ്റി ഓഫീസ് ആക്രമിക്കാനും ശ്രമിച്ചു. ആഗസ്ത് 15ന്റെ ഡിവൈഎഫ്‌ഐ പരിപാടിയുടെ പോസ്റ്ററുകളിലെല്ലാം കരിഓയില്‍ ഒഴിച്ചു.

ചിറക്കടവിലും മണര്‍കാടും കൊടിമരങ്ങള്‍ നശിപ്പിച്ചു. കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലുള്ള കൊടിമരവും ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിനു മുന്നിലെയും കൊടിമരം തകര്‍ത്തു. വാഴൂര്‍ ചിറക്കടവില്‍ സിപിഎമ്മിന്റെ രണ്ടു പാര്‍ട്ടി ഓഫീസുകളും നിരവധി കൊടിമരങ്ങളും തകര്‍ത്തു.

ഞായറാഴ്ച ബിജെപി ഹര്‍ത്താലിനോട് അനുബന്ധിച്ച് കോട്ടയത്ത് വ്യാപക അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞത് ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമങ്ങള്‍ അരങ്ങേറിയിരുന്നു.