മാദ്ധ്യമ പ്രവര്‍ത്തകരെ മുഖ്യമന്ത്രി ആട്ടിപുറത്താക്കി

single-img
31 July 2017

തിരുവനന്തപുരം: ആര്‍എസ്എസ്, ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച ആരംഭിച്ചു. സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രി ചര്‍ച്ച വിളിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍ എംഎല്‍എ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം മാസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായി. ‘കടക്ക് പുറത്ത്’ എന്നുപറഞ്ഞ് മാദ്ധ്യമ പ്രവര്‍ത്തകരോട് ദേഷ്യത്തില്‍ സംസാരിച്ച മുഖ്യമന്ത്രി, നിങ്ങളെയൊക്കെ (മാദ്ധ്യമ പ്രവര്‍ത്തകരെ) ആരാ ഇവിടേക്ക് വിളിച്ചത് എന്നും ചോദിച്ചു.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇത് കേട്ട് ചിരിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ സമീപത്ത് തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. അതേസമയം, ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍കൂര്‍ വിലക്കൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല. സി.പി.എമ്മിനെ പ്രതിനിധികീരിച്ച മുഖ്യമന്ത്രിയും കോടിയേരിയും മുന്‍ എം.എല്‍.എ വി.ശിവന്‍കുട്ടിയുമാണ് ചര്‍ച്ചയ്‌ക്കെത്തിയത്.