കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കുന്നതിനും അമ്മമാര്‍ക്ക് മടി

single-img
31 July 2017

തിരുവനന്തപുരം: കുഞ്ഞ് ജനിച്ചു കഴിഞ്ഞാല്‍ അമ്മമാര്‍ ആദ്യം നല്‍കുക മുലപ്പാലാണ്. കുഞ്ഞിന്റെ ആരോഗ്യത്തിന് അത്യുത്തമമായി പറയപ്പെടുന്നതും അമ്മയുടെ ആദ്യ മുലപ്പാല്‍ തന്നെയാണ്. അഞ്ചുവയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണത്തില്‍ 13 ശതമാനവും മുലയൂട്ടലിലൂടെ തടയാനാകുമെന്ന് ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു. ഈ കണക്കനുസരിച്ച്, കേരളത്തിലെ എല്ലാ അമ്മമാരും ആരോഗ്യപരമായ മുലയൂട്ടല്‍ ശീലമാക്കിയാല്‍ സംസ്ഥാനത്ത് പ്രതിവര്‍ഷം 800 കുട്ടികളുടെ മരണം തടയാനാകും.

കുഞ്ഞ് ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ മുലപ്പാല്‍ നല്‍കുന്ന അമ്മമാരുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചതായാണ് പുതിയ സര്‍വേ ഫലത്തില്‍ പറയുന്നത്. സംസ്ഥാനത്തെ മൂന്നില്‍ രണ്ട് അമ്മമാര്‍ (64 ശതമാനം) പ്രസവിച്ച് ഒരു മണിക്കൂറിനുള്ളില്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതായി ദേശീയ കുടുംബ ആരോഗ്യ സര്‍വേ ഫലം വ്യക്തമാക്കുന്നു. 1993ല്‍ 14 ഉം 1999ല്‍ 43ഉം 2006ല്‍55ഉം ശതമാനമായിരുന്നു ഈ നിരക്ക്.

അതേസമയം, കുഞ്ഞുങ്ങള്‍ക്ക് ആദ്യ ആറുമാസം മുലപ്പാല്‍ മാത്രം നല്‍കുന്ന അമ്മമാരുടെ എണ്ണം സംസ്ഥാനത്ത് കുറഞ്ഞതായാണ് കണക്ക്. 2003 ല്‍ 56 ആയിരുന്ന ഈ നിരക്ക് 53 ആയി താഴ്ന്നു. അമ്മമാരില്‍ വലിയൊരു പങ്ക് കുഞ്ഞുങ്ങള്‍ക്ക് ആദ്യ ആറുമാസം വെള്ളം, പാലുലല്‍പന്നങ്ങള്‍, മറ്റ് ദ്രവരൂപത്തിലെ ഭക്ഷണം എന്നിവ നല്‍കുന്നതായി സര്‍വേയില്‍ കണ്ടെത്തിയ കുഞ്ഞുങ്ങള്‍ക്ക് അണുബാധയുണ്ടാക്കാനിടയാക്കുന്ന അനാരോഗ്യകരമായ പ്രവണതയാണിതെന്ന് ശിശുരോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

മുലപ്പാല്‍ കുഞ്ഞിന്റെ അവകാശമാണെന്ന് യുനിസെഫ് കേരള തമിഴ്‌നാട് മേധാവി ജോബ് സഖറിയ പറഞ്ഞു. കുഞ്ഞിന്റെ അതിജീവനവും പോഷണവും മുലപ്പാല്‍ ഉറപ്പാക്കുന്നു. കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നിഷേധിക്കുന്നത് അവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. മുലയൂട്ടലിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് യൂനിസെഫ് ആഗസ്റ്റ് ഒന്നുമുതല്‍ ഏഴുവരെ ലോകമുലയൂട്ടല്‍ വാരമായി ആചരിക്കും. ‘മുലയൂട്ടല്‍ സുസ്ഥിരമാക്കാന്‍ ഒരുമിക്കാം’ എന്നതാണ് വാരാചരണത്തിന്റെ ഇത്തവണത്തെ വിഷയം.