അപ്പുണ്ണി എന്തൊക്കെ പറയും?: ചങ്കിടിപ്പോടെ ദിലീപ്

single-img
31 July 2017


കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നടന്‍ ദിലീപിന്റെ സഹായിയും ഡ്രൈവറുമായ എ.എസ്.സുനില്‍രാജിനെ (അപ്പുണ്ണി) ഇന്നു ചോദ്യം ചെയ്‌തേക്കും. ചോദ്യം ചെയ്യലിന്റെ ഭാഗമായി രാവിലെ 11 ന് ആലുവാ പോലീസ് ക്ലബിലെത്താനാണ് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നത്. ദിലീപിനും സുനില്‍ കുമാറിനുമിടയിലെ നിര്‍ണ്ണായക കണ്ണിയാണ് അപ്പുണ്ണി. കേസില്‍ ഗൂഢാലോചന തെളിയിക്കുന്നതിന് അപ്പുണ്ണിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയപ്പോള്‍ മുതല്‍ അപ്പുണ്ണിയിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

എന്നാല്‍ ഒളിവില്‍ പോയ അപ്പുണ്ണിയെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല. വടക്കന്‍ ഗോവയിലെ റിസോര്‍ട്ടില്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതായാണ് പോലീസിനു അവസാനമായി ലഭിച്ച വിവരം. അപ്പുണ്ണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളിയ പശ്ചാത്തലത്തിലാണ് ഇന്നു ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരിക്കുന്നത്. അതേസമയം ഭീഷണിയും മൂന്നാംമുറയുമുണ്ടാകുമെന്ന് ഇയാള്‍ ഹര്‍ജിയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

നിയമപ്രകാരം മാത്രമേ ചോദ്യം ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കണമെന്നാണ് കോടതി പോലീസിനോട് നിര്‍ദേശിച്ചിട്ടുള്ളത്. സംശയകരമായ ചില സഹാചര്യങ്ങളെക്കുറിച്ച് അപ്പുണ്ണിയില്‍ നിന്നു വ്യക്തത തേടേണ്ടതുണ്ടെന്നാണു പൊലീസ് പ്രോസിക്യൂഷന്‍ മുഖേന കോടതിയെ അറിയിച്ചത്. മൊഴി പരിശോധിച്ചശേഷമാവും അറസ്റ്റ് ഉള്‍പ്പടെയുള്ളകാര്യങ്ങളില്‍ പോലീസ് തീരുമാനമെടുക്കുകയെന്നതാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. അപ്പുണ്ണിയെ ചോദ്യം ചെയ്യുന്നതോടെ കേസില്‍ ദിലീപിനെതിരായ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.