അപ്പുണ്ണി ‘ഡ്യൂപ്പിനെ’ ഇറക്കി: മാധ്യമപ്രവര്‍ത്തകര്‍ ഇളഭ്യരായി

single-img
31 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ചോദ്യം ചെയ്യലിന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. സഹോദരനും രണ്ട് സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് അപ്പുണ്ണി ആലുവ പൊലീസ് ക്ലബ്ബിലെത്തിയത്.

അതീവ നാടകീയമായായിരുന്നു അപ്പുണ്ണി എത്തിയത്. അപ്പുണ്ണി രാവിലെ ഹാജരാകുമെന്ന് അറിഞ്ഞ് വന്‍ മാധ്യമപടയാണ് പോലീസ് ക്ലബിന് മുന്നില്‍ തമ്പടിച്ചിരുന്നത്. രാവിലെ പതിനൊന്നോടെ അപ്പുണ്ണി ഹാജരാകുമെന്ന് പോലീസ് വൃത്തങ്ങളും അറിയിച്ചിരുന്നു.

എന്നാല്‍ 10.45 ഓടെ അപ്പുണ്ണിയുടെ രൂപ സാദൃശ്യമുള്ള ഒരാള്‍ പോലീസ് ക്ലബിന്റെ പ്രധാന കവാടത്തില്‍ കാറില്‍ വന്നിറങ്ങി. മാധ്യമപ്രവര്‍ത്തകര്‍ ഇയാളോട് അപ്പുണ്ണിയാണോ എന്ന് ചോദിച്ചു. അതെ, എന്ന് മറുപടിയും ലഭിച്ചു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തനിക്ക് ഒന്നും പറയാനില്ലെന്നും പ്രതികരിക്കാന്‍ താത്പര്യമില്ലെന്നും പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. ഈ സമയം തന്നെ യഥാര്‍ഥ അപ്പുണ്ണി മറ്റൊരു കാറില്‍ പോലീസ് ക്ലബിന് മുന്നിലിറങ്ങുകയായിരുന്നു.

ദിലീപിനും സുനില്‍ കുമാറിനുമിടയിലെ നിര്‍ണ്ണായക കണ്ണിയാണ് അപ്പുണ്ണി. കേസില്‍ ഗൂഢാലോചന തെളിയിക്കുന്നതിന് അപ്പുണ്ണിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയപ്പോള്‍ മുതല്‍ അപ്പുണ്ണിയിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

എന്നാല്‍ ഒളിവില്‍ പോയ അപ്പുണ്ണിയെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല. വടക്കന്‍ ഗോവയിലെ റിസോര്‍ട്ടില്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതായാണ് പോലീസിനു അവസാനമായി ലഭിച്ച വിവരം. അപ്പുണ്ണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളിയ പശ്ചാത്തലത്തിലാണ് ഇന്നു ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരിക്കുന്നത്. അതേസമയം ഭീഷണിയും മൂന്നാംമുറയുമുണ്ടാകുമെന്ന് ഇയാള്‍ ഹര്‍ജിയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

നിയമപ്രകാരം മാത്രമേ ചോദ്യം ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കണമെന്നാണ് കോടതി പോലീസിനോട് നിര്‍ദേശിച്ചിട്ടുള്ളത്. സംശയകരമായ ചില സഹാചര്യങ്ങളെക്കുറിച്ച് അപ്പുണ്ണിയില്‍ നിന്നു വ്യക്തത തേടേണ്ടതുണ്ടെന്നാണു പൊലീസ് പ്രോസിക്യൂഷന്‍ മുഖേന കോടതിയെ അറിയിച്ചത്. മൊഴി പരിശോധിച്ചശേഷമാവും അറസ്റ്റ് ഉള്‍പ്പടെയുള്ളകാര്യങ്ങളില്‍ പോലീസ് തീരുമാനമെടുക്കുകയെന്നതാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. അപ്പുണ്ണിയെ ചോദ്യം ചെയ്യുന്നതോടെ കേസില്‍ ദിലീപിനെതിരായ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.