ഒഴിവാക്കപ്പെട്ട രണ്ടുതാരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തി, ചിത്രയെ തഴഞ്ഞു

single-img
30 July 2017

ന്യൂഡല്‍ഹി: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിട്ടും പി.യു ചിത്രയെ ടീമില്‍ നിന്ന് തഴഞ്ഞതിനു പിന്നിലുള്ള കള്ളക്കളി വ്യക്തമാകുന്നു. ചിത്രയ്‌ക്കൊപ്പം ഒഴിവാക്കപ്പെട്ട രണ്ടു താരങ്ങള്‍ ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാനായി ലണ്ടനിലേക്ക് പോകും.സ്റ്റീപ്പിള്‍ ചേസ് താരം സുധാ സിംഗും ദ്യുതി ചന്ദുമാണ് അന്തിമപട്ടികയില്‍ ഇടം പിടിച്ചത്. ഇരുവരുടെയും പേരുകള്‍ ഉള്‍പ്പെടുത്തി രണ്ടാമതൊരു എന്‍ട്രി കൂടി അത്‌ലറ്റിക് ഫെഡറേഷന്‍ സമര്‍പ്പിക്കുകയായിരുന്നു.

ഹൈക്കോടതി നിര്‍ദേശിച്ചിട്ടും ചിത്രയെ ഒഴിവാക്കാന്‍ അധികൃതര്‍ കഷ്ടപ്പെടുമ്പോഴാണ് പട്ടികയിലില്ലാതിരുന്ന രണ്ടുപേര്‍ ലണ്ടനിലേക്കു പോകാന്‍ തയാറെടുക്കുന്നത്.

26 അംഗ ലിസ്റ്റാണ് ഫെഡറേഷന്‍ പുതുതായി പുറത്തുവിട്ടിരിക്കുന്നത്. ദ്യുതി ചന്ദ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴിയാണ് സംഘത്തില്‍ ഉള്‍പ്പെട്ടത്. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ടവരുടെ പട്ടിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ജൂ​ണ്‍ 24 കഴിഞ്ഞുപോയതിനാല്‍ ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് അത്‌ലറ്റിക് ഫെഡറേന്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തത്. ഇതിനുപിന്നാലെയാണ് ടീമിലില്ലാതിരുന്ന രണ്ടുപേരെ പുതുതായി ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.