കൊച്ചി മെട്രോയുടെ യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ഇ.ശ്രീധരന്‍

single-img
30 July 2017

കൊച്ചി: കൊച്ചി മെട്രോ റെയില്‍ യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. ടിക്കറ്റ് നിരക്ക് കുറക്കുന്നത് മെട്രോക്ക് ഗുണം ചെയ്യുമെന്നും നിരക്ക് കുറയ്ക്കണമെന്ന അഭിപ്രായം തനിക്ക് നേരത്തെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മെട്രോയില്‍ തുടക്കത്തിലെ തിരക്കിനു ശേഷം യാത്രക്കാരുടെ എണ്ണം കുറയുന്നത് സ്വാഭാവികമാണെന്നും സര്‍വ്വീസ് ദീര്‍ഘിപ്പിക്കുന്നതോടു കൂടി ഇതില്‍ മാറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെടുമ്പാശ്ശേരി വഴി മെട്രോ അങ്കമാലിയിലേക്ക് ദീര്‍ഘിപ്പിക്കുന്നതാകും ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മെട്രോയില്‍ യാത്രക്കാര്‍ കുറയുന്നത് പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും തൃപ്പൂണിത്തുറ മുതല്‍ പേട്ട വരെയുള്ള മെട്രോ പദ്ധതിക്ക് നിര്‍മ്മാണ കരാറായതായും അദ്ദേഹം പറഞ്ഞു. മെട്രോ ഒരു വ്യക്തിയുടെ മാത്രം നേട്ടമെല്ലെന്നും ഇതിനു പിന്നില്‍ വലിയൊരു കൂട്ടായ്മയുടെ പ്രവര്‍ത്തനം ഉണ്ടെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

കേരള ഹിസ്റ്ററി അസോസിയേഷന്റെ സിപി മമ്മു അവാര്‍ഡ് ഏറ്റുവാങ്ങാനെത്തിയതായിരുന്നു അദ്ദേഹം. അവാര്‍ഡ് തുകയായി പതിനായിരത്തി ഒന്നു രൂപ അസോസിയേഷനു തന്നെ മടക്കി നല്‍കി തുക ചരിത്ര ഗവേഷണത്തിനു ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.