ഹര്‍ത്താലില്‍ അങ്ങിങ്ങ് അക്രമം; കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തി

single-img
30 July 2017

തിരുവന്തപുരം: തിരുവനന്തപുരത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പുരോഗമിക്കുന്നു. അക്രമ സാധ്യത കണക്കിലെടുത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തേണ്ടെന്ന് ഔദ്യോഗികമായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തിയതോടെ ജനങ്ങളുടെ യാത്ര ദുരിതം ഇരട്ടിച്ചു. നൂറുക്കണക്കിന് ആളുകളാണ് റെയില്‍വേ സ്‌റ്റേഷനിലും ബസ് സ്റ്റാന്‍ഡുകളിലും കുടുങ്ങി കിടക്കുന്നത്.

അതേ സമയം, കൊല്ലത്ത് സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിന് നേരെയാണ് കല്ലേറുണ്ടായത്. തുടര്‍ന്ന് യാത്രക്കാരെ കൊല്ലത്ത് ഇറക്കി വിട്ടു. കല്ലേറില്‍ ബസിന്റെ ഡ്രൈവര്‍ക്ക് പരിക്കേറ്റു.

കൊച്ചിയില്‍ ചിലയിടങ്ങളില്‍ തുറന്നു പ്രവര്‍ത്തിച്ച പെട്രോള്‍ പമ്പുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. നഗരത്തില്‍ രാവിലെ ചുരുക്കം ചില ബസുകള്‍ സര്‍വീസ് നടത്തിയിരുന്നെങ്കിലും പിന്നീട് നിര്‍ത്തി. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹര്‍ത്താല്‍ വിവരം പലരും അറിഞ്ഞിരുന്നില്ല. ഇതും ജനങ്ങളുടെ ദുരിതം വര്‍ധപ്പിക്കുന്നതിന് കാരണമായി.