ഗുജറാത്ത് തീരത്തെത്തിയ കപ്പലില്‍ നിന്നും 3,500 കോടി രൂപ വിലമതിക്കുന്ന 1500 കിലോ ഹെറോയിന്‍ പിടിച്ചെടുത്തു

single-img
30 July 2017

അഹമ്മദാബാദ്: ഗുജറാത്ത് തീരത്തെത്തിയ കപ്പലില്‍ നിന്നും വിദേശ വിപണിയില്‍ 3,500 കോടി രൂപ വിലമതിക്കുന്ന 1500 കിലോ ഹെറോയിന്‍ ശേഖരം തീരസംരക്ഷണ സേന പിടിച്ചെടുത്തു. ഇന്ത്യയില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണിത്. ഗുജറാത്ത് അലാങ് തീരത്തെത്തിയ പനാമ കപ്പലില്‍ നിന്നാണ് ഹെറോയിന്‍ പിടിച്ചെടുത്തതെന്ന് ഇന്ത്യന്‍ പ്രതിരോധ വക്താവ് അറിയിച്ചു. കപ്പലിലെ എട്ട് ജീവനക്കാരെ തീരസംരക്ഷണസേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അലാങ് തീരത്തെത്തിയ എംവി ഹന്റെിയെന്ന പനാമ രജിസ്‌ട്രേഷന്‍ കപ്പലില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. സംഭവത്തെക്കുറിച്ചു തീരസംരക്ഷണ സേന, ഇന്റലിജന്‍സ് ബ്യൂറോ, പൊലീസ്, കസ്റ്റംസ്, നാവികസേന എന്നിവര്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. ഇറാനില്‍ നിന്നാണ് മയക്കുമരുന്നുമായി കപ്പല്‍ അലാങ് തീരത്തെത്തിയതെന്നാണ് സൂചന. ഹെറോയിനുമായി പിടിച്ചെടുത്ത കപ്പല്‍ പോര്‍ബന്ദര്‍ തീരത്തേക്ക് കൊണ്ടുപോയി. ഹെറോയിന്‍ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് അടിയന്തര യോഗത്തിനെത്താന്‍ തീരസംരക്ഷണ സേന ആവശ്യപ്പെട്ടിട്ടുണ്ടെന്നു പോര്‍ബന്തര്‍ സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് അറിയിച്ചു.

അലാങ് വഴി വിദേശത്തേക്ക് മയക്കുമരുന്നു കടത്ത് നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ജൂലൈ 27നാണ് തീരസംരക്ഷണസേനയുടെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചത്. തീരസംരക്ഷണ സേന തങ്ങളുടെ ‘സമുദ്ര പാവക്’ എന്ന കപ്പലില്‍ ഗുജറാത്ത് തീരങ്ങളില്‍ പരിശോധന നടത്തുകയായിരുന്നു. മൂന്നു ദിവസം നീണ്ട ദൗത്യത്തിനൊടുവില്‍ മയക്കുമരുന്നുമായെത്തിയ കപ്പല്‍ അലാങ്ങില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.