കശ്മീരില്‍ വിഘടനവാദികളുടെ അറസ്റ്റിനെതിരെ മെഹ്ബൂബ മുഫ്തി

single-img
30 July 2017

ശ്രീനഗർ: കശ്മീരില്‍ ഹുറിയത്ത് നേതാവുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ വിഘടനവാദികളുടെ അറസ്റ്റിനെ പരസ്യമായി വിമര്‍ശിച്ച് മെഹ്ബൂബ മുഫ്തി രംഗത്ത്. ഒരാശയത്തെ ഒരിക്കലും കൊലചെയ്യാനോ തടവിലാക്കാനോ സാധിക്കില്ലെന്നായിരുന്നു അറസ്റ്റുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം ലൈന്‍ ഓഫ് കണ്‍ട്രോള്‍ മറികടന്നുള്ള വാണിജ്യബന്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന് ദേശീയ അന്വേഷ ഏജന്‍സിയുടെ ആവശ്യവും മെഹ്ബൂബ മുഫ്തി തള്ളി.

ഇന്ന് കശ്മീര്‍ കഠിനമായ വെല്ലുവിളികളിലുടെയാണ് മുന്നോട്ട് പോകുന്നതെന്നും സുരക്ഷ ഏജന്‍സിയേയോ പൊലീസിനേയോ സൈന്യത്തേയോ ജനങ്ങള്‍ മാനിക്കുന്നില്ലെന്നും മെഹ്ബൂബ പറഞ്ഞു. ഒരാശയത്തിന്റെ ഭാഗമായാണ് കശ്മീര്‍ തെരുവുകളില്‍ കല്ലുകളെറിയപ്പെടുന്നതും വെടിയുതിര്‍ക്കുന്നതും. ഞാന്‍ പലപ്പോഴായി പറയുന്നു നിങ്ങള്‍ക്കൊരിക്കലും ഒരാശയത്തെ കൊല ചെയ്യാന്‍ സാധിക്കില്ല. അഥവാ അതിനെ ജയിലടയ്ക്കാന്‍ സാധിക്കില്ല. ഒരാശയം പുരോഗമിച്ച് മറ്റൊന്നായി മാറുകയേ ഉള്ളൂവെന്നും മെഹ്ബൂബ മുഫ്തി പറയുന്നു.

നേരത്തെ ഇത്തരത്തിലുള്ള വെല്ലുവിളികള്‍ തങ്ങള്‍ ഒറ്റയ്ക്കാണ് നേരിട്ടതെന്നും ഇന്ന് എല്ലാ പാര്‍ട്ടികളും ഒരുമിച്ചിരുന്ന് കശ്മീര്‍ നേരിടുന്ന പ്രശ്‌നത്തിന് പരിഹാരം തേടണമെന്നു അവര്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയതിനു പിന്നാലെയാണ് വിഘടനവാദികളുടെ അറസ്റ്റിനെ പരസ്യമായി വിമര്‍ശിച്ച് മെഹ്ബൂബ മുഫ്തി രംഗത്തെത്തിയിരിക്കുന്നത്. താന്‍ മനസില്‍ കാണുന്ന ഇന്ത്യയുടെ ഏറ്റവൂും ആദര്‍ശപൂര്‍ണമായ പ്രതിനിധി ഇന്ദിര ഗാന്ധിയാണെന്നാണ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി പറഞ്ഞത്.