ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനു പിന്നില്‍ ഏഴു പ്രതികളെന്ന് ഡിജിപി; ആറു പേരെ പിടികൂടി

single-img
30 July 2017

തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുന്നില്‍വീട്ടില്‍ രാജേഷി (34)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൊത്തം ഏഴു പ്രതികളെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇതില്‍ ആറു പേരെ പിടികൂടിയതായും ഏഴാമനെ ഉടന്‍ തന്നെ പിടികൂടുമെന്നും ഡിജിപി അറിയിച്ചു.

മുഖ്യപ്രതി മണിക്കുട്ടന്‍ ഉള്‍പ്പെടെ നാലുപേരെ അസിസ്റ്റന്റ് കമ്മീഷണർ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ഗുണ്ടാ ആക്ട് പ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുള്ള ആളാണ് മണിക്കുട്ടന്‍. ഇയാളെ കൂടാതെ ശ്രീകാര്യം കരുമ്പുകോണം സ്വദേശി പ്രമോദ്, ഗിരീഷ്, മഹേഷ് എന്നിവരാണ് പിടിയിലായത്. മറ്റുള്ളവരുടെ പേര് വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

കസ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. മുഖ്യപ്രതി മണികണ്ഠനെ ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ പ്രത്യേകം ചോദ്യം ചെയ്യും. എത്രയും വേഗം മുഴുവന്‍ പ്രതികളെയും പിടികൂടുമെന്നും സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ സുരക്ഷയ്ക്ക് നിര്‍േദശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 13 പേരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്കുകൾ

ഐജി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുന്നത്. മുന്‍വിധികളില്ലാതെയാണ് അന്വേഷണമെന്ന് ഐജി പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കുകള്‍ കാട്ടാകടയ്ക്ക് സമീപത്തുനിന്നും പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് വാഹനം സംഘടിപ്പിച്ചുനല്‍കിയവരെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഗൂഢാലോചനയും അന്വേഷിക്കും.

അതേസമയം കൊല്ലപ്പെട്ട രാജേഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നും വിലാപയാത്രയായി ആകും മൃതദേഹം വീട്ടിലേക്ക് എത്തിക്കുക. മുന്‍കരുതല്‍ നടപടിയായി പ്രദേശത്ത് വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളോട് കരുതല്‍ പാലിക്കാനും പൊലീസ് നിര്‍ദേശം നല്‍കി. സിപിഎം-ബിജെപി ശക്തി കേന്ദ്രങ്ങള്‍ പ്രത്യേക ജാഗ്രതയിലാണ്.

ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ ബൈക്കിലും ഓട്ടോയിലുമായി എത്തിയ ഏഴംഗ സംഘം രാജേഷിന്റെ കൈ വെട്ടിമാറ്റുകയായിരുന്നു. ഇടതുകൈ വെട്ടിമാറ്റിയ നിലയിലും കാലിനും മറ്റുമായി നാൽപ്പതോളം വെട്ടേറ്റ നിലയിലും രാജേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.