എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കാന്‍ ഏഴു വര്‍ഷത്തെ സമയപരിധി നിശ്ചയിച്ച് തമിഴ്നാട്

single-img
30 July 2017

ചെന്നൈ: തമിഴ്നാട്ടില്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കുന്നതിനു സമയപരിധി നിശ്ചയിച്ചു. ഈ വര്‍ഷം മുതല്‍ എന്‍ജിനീയറിങ് പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ ഏഴു വര്‍ഷത്തിനുള്ളില്‍ എല്ലാ പരീക്ഷകളും വിജയിച്ചാല്‍ മാത്രമെ ബിരുദസര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളു.

നാലുവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സ് പൂര്‍ത്തിയാക്കുന്നതിനാണ് ഏഴുവര്‍ഷം വരെ സമയം അനുവദിക്കുന്നത്. അഞ്ചുവര്‍ഷം ദൈര്‍ഘ്യമുള്ള ബി.ആര്‍ക് കോഴ്സ് വിജയിക്കാന്‍ എട്ടുവര്‍ഷം സമയം അനുവദിച്ചിട്ടുണ്ട്. അണ്ണാ സര്‍വകലാശാലയ്ക്കു കീഴിലുള്ള എന്‍ജിനീയറിങ് കോളജുകളില്‍ സെപ്റ്റംബര്‍ മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍വരും.

കോഴ്സ് തീര്‍ന്നിട്ടും പല വിഷയങ്ങളിലും വിജയിക്കാത്ത വിദ്യാര്‍ഥികള്‍ പഠനം പത്തുവര്‍ഷത്തിലേറെ നീട്ടിക്കൊണ്ടുപോകാറുണ്ട്. ഇതവസാനിപ്പിക്കുന്നതിനുവേണ്ടിയാണ് സമയപരിധി നിശ്ചയിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.