പൈശാചികമായ ഈ കൊലപാതകം സഹിക്കാവുന്നതും പൊറുക്കാവുന്നതിലും അപ്പുറമാമാണ്: കുമ്മനം രാജശേഖരന്‍

single-img
30 July 2017

തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കൊലപാതകത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പൈശാചികമായ ഈ കൊലപാതകം സഹിക്കാവുന്നതും പൊറുക്കാവുന്നതിലും അപ്പുറമാണെന്നും കുമ്മനം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്ന് കുമ്മനം വ്യക്തമാക്കി. കേന്ദ്രമനുഷ്യാവകാശ കമ്മീഷനോടും, പ്രധാനമന്ത്രിയോടും വിഷയം ധരിപ്പിക്കുമെന്നും കുമ്മനം അറിയിച്ചു.

അതേസമയം, ഈ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാവാം അക്രമത്തില്‍ കലാശിച്ചത് എന്ന് കരുതുന്നതായും നാഗപ്പന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണെന്നും അക്രമങ്ങളുണ്ടാകുമ്പോള്‍ കാഴ്ചക്കാരായി നില്‍ക്കുന്ന പോലീസാണ് നിലവിലുള്ളതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെല്ലാം ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെ മറ്റൊരു കണ്ണൂരാക്കാനാണ് സിപിഎം ബിജെപി ശ്രമം. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന അക്രമങ്ങള്‍ അഴിച്ചുവിടുന്നത് പ്രതിഷേധാര്‍ഹമാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും കേരളം ഭരിക്കുന്ന പാര്‍ട്ടിയും അക്രമരാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറണമെന്നും ചെന്നിത്തല പറഞ്ഞു. ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി അര്‍ദ്ധരാത്രി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ശരിയായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍. സംസ്ഥാനത്ത് നടക്കുന്നത് അസാധാരണ സംഭവങ്ങളാണ്. അക്രമങ്ങള്‍ സിപിഐഎമ്മിന്റെ ആസൂത്രിത നീക്കങ്ങളുടെ ഭാഗം. എല്‍ഡിഎഫ് അധികാരത്തിലെത്തിയശേഷം 17 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അക്രമം നിര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും അണികള്‍ക്ക് നിര്‍ദേശം നല്‍കണം. അര്‍ധരാത്രി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഹസന്‍ പറഞ്ഞു.