അക്രമ സംഭവങ്ങളില്‍ അതൃപ്തി; ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചുവരുത്തി

single-img
30 July 2017

തിരുവനന്തപുരം: സംസ്ഥാനത്ത് അക്രമ രാഷ്ട്രീയത്തെത്തുടര്‍ന്നുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ വിഷയത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍. മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെയും രാജ്ഭവനിലേക്കു വിളിച്ചുവരുത്തിയ ഗവര്‍ണര്‍ പി.സദാശിവം സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി.

അക്രമ സംഭവങ്ങളില്‍ രാഷ്ട്രീയ ഭേദമന്യേ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിതായി ഗവര്‍ണ്ണര്‍ ട്വിറ്റര്‍ സന്ദേശത്തിലൂടെ വെളിപ്പെടുത്തി.

രാവിലെ 11 മണിക്ക് ശേഷമാണ് മുഖ്യമന്ത്രിയും ഡിജിപിയുമായും ഗര്‍ണര്‍ കൂടിക്കാഴ്ച നടത്തിയത്. ഗവര്‍ണറുടെ ഈ നടപടി അസാധാരണമെന്നാണു വിലയിരുത്തുന്നത്. സാധാരണഗതിയില്‍ മുഖ്യമന്ത്രിയോടു വിശദീകരണം തേടുകയാണു പതിവ്.

തിരുവനന്തപുരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്‌തെന്നു മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി നേരിടുമെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.

വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായും സംസ്ഥാന ആര്‍എസ്എസ് മേധാവിയുമായി സംസാരിച്ചെന്നും സമാധാനം പുനസ്ഥാപിക്കുന്നതിന് അഭ്യര്‍ഥിക്കുകയും ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരത്തെ അക്രമസംഭവങ്ങളില്‍ പോലീസ് ഇതുവരെ സ്വീകരിച്ച നടപടികള്‍ ലോക്നാഥ് ബെഹ്റ ഗവര്‍ണ്ണറോട് വിശദീകരിക്കുകയുണ്ടായി. കേസില്‍ എട്ടുപേര്‍ അറസ്റ്റിലായെന്നും ഐജിയുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും ഡിജിപി ഗവര്‍ണറെ അറിയിച്ചു.