പാനമാ വെളിപ്പെടുത്തല്‍; രമണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

single-img
30 July 2017

ന്യൂഡല്‍ഹി: പാനമാ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉള്‍പ്പെട്ട ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്ങിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. ‘അഴിമതി നടത്തുകയോ നടത്താന്‍ അനുവദിക്കുകയൊ ചെയ്യില്ലെന്ന’ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനു വിരുദ്ധമാണ് രമണ്‍ സിങ്ങിനെ തുടരാന്‍ അനുവദിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

രമണ്‍സിങ്ങിന്റെ അഴിമതി പ്രധാനമന്ത്രി കാണില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് പി.എല്‍ പുനിയ പറഞ്ഞത്. രമണ്‍സിങ്ങിന്റെയും മക്കളുടെയും പേരുകള്‍ പാനമ പേപ്പറില്‍ പരാമര്‍ശിച്ചിട്ടും രമണ്‍ സിങ്ങിനെതിരെ യാതൊരു നടപടിയുമില്ലെന്നും പുനിയ വിമര്‍ശനമുന്നയിച്ചു.

പാനമ പേപ്പറില്‍ പേരുവന്നതിനെ തുടര്‍ന്ന് പാക് പ്രധാനമന്ത്രിക്കെതിരെ വരെ നടപടിയെടുത്തു. പക്ഷേ ഇവിടെ ഇന്ത്യയില്‍ ആരോപണം ഒരു മുഖ്യമന്തിക്ക് എതിരെ ആയിരുന്നിട്ടു പോലും നടപടിയെടുക്കുന്നില്ലെന്ന് പുനിയയും മറ്റൊരു കോണ്‍ഗ്രസ് നേതാവായ ഷക്കീല്‍ അഹമ്മദും അഭിപ്രായപ്പെട്ടു.

രമണ്‍ സിങ്ങിനെതിരെ നടപടിയുണ്ടാകാത്തതില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം ഛത്തീസ്ഗഡില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ രമണ്‍സിങ്ങിനെതിരെയും പ്രധനമന്ത്രിക്കെതിരെയും രൂക്ഷമായ ആരോപണങ്ങളാണ് രാഹുല്‍ഗാന്ധി ഉയര്‍ത്തിയത്. അഴിമതിക്കെതിരെ ശബ്ദിക്കുന്ന പ്രധാനമന്ത്രി പക്ഷെ രമണ്‍ സിങ്ങിന്റെ അഴിമതി കാണുന്നില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.