ജീന്‍ പോളിനെതിരായ പരാതി; നടിയുടെ ബോഡി ഡബിള്‍ ഉപയോഗിച്ചെന്നു പോലീസ്

single-img
30 July 2017

കൊച്ചി: നടന്‍ ലാലിന്റെ മകനും സംവിധായകനുമായ ജീന്‍ പോളിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് പോലീസ്. ‘ഹണിബീ 2’ എന്ന സിനിമയുടെ സെന്‍സര്‍ കോപ്പി പരിശോധിച്ചതിനുശേഷമാണ് പോലീസ് ഇക്കാര്യം സ്ഥിതീകരിച്ചത്. പരാതിക്കാരിയായ നടിയുടെ ദൃശ്യങ്ങളില്‍ ബോഡി ഡബിള്‍ ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി.

ഹണി ബീ 2 സിനിമാ ഷൂട്ടിംഗിന്റെ തുടക്കത്തില്‍ നടിയെ അഭിനയിപ്പിക്കുകയും പിന്നീട് ഇവരെ ഒഴിവാക്കുകയുമായിരുന്നു. ഒഴിവാക്കിയശേക്ഷം നടിയുടെ കഥാപാത്രത്തിന്റെ ബാക്കി ഭാഗം ഡ്യൂപ്പിനെ ഉപയോഗിച്ചാണു പൂര്‍ത്തീകരിച്ചത്. സിനിമയില്‍ അഭിനയിച്ചതിനു പ്രതിഫലം നല്‍കിയില്ലെന്നും പണം ആവശ്യപ്പെട്ടപ്പോള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും ചൂണ്ടിക്കാട്ടിയാണു ജീന്‍പോള്‍ ലാല്‍ അടക്കമുള്ളവര്‍ക്കെതിരേ നടി പോലീസില്‍ പരാതി നല്‍കിയത്.

സിനിമ കണ്ടശേഷം ചില സുഹൃത്തുക്കള്‍ വിളിച്ചു പറഞ്ഞപ്പോഴാണു തന്റെ കഥാപാത്രത്തെ ഡ്യൂപ്പിനെ ഉപയോഗിച്ചു ചിത്രീകരിച്ച കാര്യം മനസിലായതെന്നു നടി പറഞ്ഞു. തന്നോടു ചോദിക്കാതെ ഡ്യൂപ്പിനെ ഉപയോഗിക്കുകയും പ്രതിഫലം ചോദിച്ചപ്പോള്‍ അശ്ലീലമായി സംസാരിക്കുകയും ചെയ്തതിനാണു പരാതി നല്‍കിയതെന്ന് നടി വ്യക്തമാക്കിയിരുന്നു.

യുവനടന്‍ ശ്രീനാഥ് ഭാസിയുടെ പേരു പരാതി നല്‍കിയപ്പോള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും മൊഴിയില്‍ നടന്റെ പേര് നടി പരാമര്‍ശിച്ചില്ല. ജീന്‍പോള്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കു പുറമെ അസിസ്റ്റന്റ് ഡയറക്ടര്‍ അനിരുദ്ധ്, അണിയറ പ്രവര്‍ത്തകന്‍ അനൂപ് എന്നിവര്‍ക്കെതിരേയാണു പനങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.