ഫ്രീക്കന്മാരുടെ മുടി വെട്ടുന്ന പണി പോലീസ് ചെയ്യേണ്ടെന്ന് ലോക്‌നാഥ് ബെഹ്‌റ

single-img
29 July 2017

കോഴിക്കോട്: ഇനി മുതല്‍ മുടി നീട്ടി വളര്‍ത്തി ഫ്രീക്കന്മാര്‍ക്ക് ചെത്തി നടക്കാം. പോലീസ് പിടിച്ച് മുടി വെട്ടിക്കുമെന്ന പേടി വേണ്ട. അടുത്തകാലത്തായി ഫ്രീക്കന്‍മാരെ പിടിച്ചു മുടിവെട്ടിച്ച് വിടുന്നത് ചില എസ്‌ഐമാര്‍ പതിവാക്കിയിരുന്നു. ഈ പരിപാടി ഇനി തുടരേണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ മുന്നറിയിപ്പ്.

ഓരോ വ്യക്തിക്കും അവരവരുടെ സ്വാതന്ത്ര്യമു ണ്ടന്നും മുടിയും താടിയും എങ്ങനെ നീട്ടണമെന്നത് അവരവരുടെ സ്വാതന്ത്രമാണന്നും ഡിജിപി പറഞ്ഞു. കേരള പോലീസില്‍ മോറല്‍ പോലീസിംഗ് ആവശ്യമില്ലായെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കോഴിക്കോട് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ 29-ാം സംസ്ഥാന സമ്മേളനത്തിനത്തില്‍ ആശംസയറിയിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പോക്‌സോ കേസുകള്‍ കൈകാര്യ ചെയ്യാന്‍ വനിതാ പോലീസിന് പ്രത്യേക പരിശീലനം നല്‍കുമെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും പോലീസിന്റെ ഏറ്റവും വലിയ ആയുധം തോക്കും ലാത്തിയുമല്ല, അവരുടെ പെരുമാറ്റമാണന്നും ഡിജിപി വ്യക്തമാക്കി.