ആകാശ് മിസൈല്‍ പദ്ധതി പരാജയം; 3,600 കോടി രൂപയുടെ നഷ്ടമെന്ന് സിഎജി റിപ്പോര്‍ട്ട്;മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്കും തിരിച്ചടി

single-img
29 July 2017

ഇന്ത്യയുടെ മധ്യദൂര കര-വ്യോമ ആകാശ് മിസൈല്‍ പ്രതിരോധ പദ്ധതി പൂര്‍ണ പരാജയമെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. 3,600 കോടി രൂപ ചെലവിട്ട് വാങ്ങിയ മിസൈലുകള്‍ ആറ് കേന്ദ്രത്തില്‍നിന്ന് 2015നകം വിന്യസിക്കാനായിരുന്നു പദ്ധതി. ഇതില്‍ ഒന്നുപോലും ഇന്നേവരെ വിന്യസിക്കാന്‍ സാധിച്ചിട്ടില്ല.

മിസൈലുകള്‍ക്ക് വേണ്ട സംഭരണശാലകള്‍ ഒരുക്കാനോ വർക്ക്ഷോപ്പുകൾ തയ്യാറാക്കാനോ വിന്യാസത്തിനുവേണ്ട സംവിധാനം സ്ഥാപിക്കാനോ കഴിഞ്ഞിട്ടില്ല. വ്യോമസേനയും മിസൈല്‍ നിര്‍മാതാക്കളായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും തമ്മിലുണ്ടാക്കിയ കരാറിലെ അവ്യക്തതകളാണ് ഇതിനു കാരണമായത്. ഇവര്‍ നിര്‍മിച്ചുനല്‍കിയ മിസൈലുകളുടെ ഗുണനിലവാരവും മോശമാണ്. 2014 നവംബര്‍ വരെ ലഭിച്ച 80 മിസൈലുകളില്‍ 20 എണ്ണം പരീക്ഷിച്ചപ്പോള്‍ ആറെണ്ണം പരാജയപ്പെട്ടുവെന്നും സി.എ.ജി പറയുന്നു.
ശത്രുരാജ്യങ്ങളുടെ വ്യോമാക്രമണങ്ങള്‍ ചെറുക്കാന്‍ ലക്ഷ്യമിടുന്ന മിസൈല്‍ പ്രതിരോധപദ്ധതി 2015നകം കമ്മീഷന്‍ ചെയ്യണമെന്നാണ് നിശ്ചയിച്ചത്. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത തന്ത്രപ്രധാന മിസൈലുകള്‍ വ്യോമസേനയുടെ ആവശ്യത്തിനുവേണ്ടി വാങ്ങാന്‍ 2010ലാണ് മന്ത്രിസഭയുടെ സുരക്ഷാസമിതി അനുമതി നല്‍കിയത്. ആറ് കേന്ദ്രത്തില്‍ മിസൈലുകള്‍ സംഭരിച്ചുവയ്ക്കാനുള്ള സംവിധാനം ഉള്‍പ്പെടെ കരാറില്‍ ഉള്‍പ്പെടുത്താനും അനുമതി നല്‍കിയിരുന്നു. മിസൈലുകളുടെ വിലയായി 3619 കോടി രൂപയും അടിസ്ഥാനസൌകര്യങ്ങള്‍ക്ക് 99.84 കോടിയും കമ്പനിക്ക് നല്‍കാനും നിശ്ചയിച്ചു.

എന്നാല്‍, അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കാന്‍ കമ്പനി 104.66 കോടി രൂപ ആവശ്യപ്പെട്ടു. അഞ്ചു കോടി രൂപയ്ക്കുമേലുള്ള ഈ തര്‍ക്കം പരിഹരിക്കാന്‍ 20 മാസം വേണ്ടിവന്നു. ഒടുവില്‍ കമ്പനി 99.84 കോടി രൂപയ്ക്ക് കരാര്‍ ഏറ്റെടുത്തു.

തുടര്‍ന്ന് മിസൈല്‍ വിന്യാസത്തിനുള്ള സ്ഥലങ്ങള്‍ കണ്ടെത്തി നല്‍കുന്നതില്‍ വ്യോമസേനയും കാലതാമസം വരുത്തി. നിസ്സാര കാരണങ്ങളുടെ പേരിലാണിത്. പ്രതിരോധമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഏജന്‍സികളെപ്പോലും സമയബന്ധിതമായി ചലിപ്പിക്കാന്‍ സാധിച്ചില്ല. നിര്‍ദിഷ്ട മിസൈല്‍ വിന്യാസകേന്ദ്രങ്ങളില്‍ മൂന്നിടത്തെ പണി ആരംഭിച്ചിട്ടുപോലുമില്ല. മറ്റ് മൂന്നു സ്ഥലത്ത് നിര്‍മാണജോലികള്‍ ഭാഗികമാണ്. 23 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് മിസൈലുകള്‍ സൂക്ഷിക്കേണ്ടത്. ബദല്‍ സംവിധാനത്തിലാണ് മിസൈലുകള്‍ സംഭരിച്ചുവച്ചിരിക്കുന്നത്. ശരിയായ രീതിയിലുള്ള പരിപാലനത്തിന്റെ അഭാവം മിസൈലുകളുടെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.