വീട്ടമ്മയെ ഡ്രൈവറുടെ മരണത്തില്‍ പ്രതി ചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടല്‍, മംഗളം ലേഖകര്‍ക്കെതിരെ പോലീസ് കേസ്

single-img
29 July 2017

എറണാകുളം: മംഗളം വീണ്ടും കുരുക്കില്‍. വീട്ടമ്മയെ ബ്ലാക്ക്മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ മംഗളം ദിനപത്രം ലേഖകനും ബ്യൂറോ ചീഫിനുമെതിരെ കേസ്. മംഗളം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടര്‍ മിഥുന്‍ പുല്ലുവഴിയെ ഒന്നാം പ്രതിയാക്കിയാണ് പനങ്ങാട് പോലീസ് കേസെടുത്തത്. സംഭവത്തില്‍ മംഗളം കൊച്ചി ബ്യൂറോ ചീഫ് രാജു പോളിനെതിരെയും കേസെടുത്തിട്ടുണ്ട്.

വീട്ടമ്മയുടെ മുന്‍ ഡ്രൈവര്‍ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ ജോലി ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിന്റെ മരണത്തില്‍ വീട്ടമ്മയ്ക്ക് പങ്കുണ്ടെന്ന് വരുത്തി വാര്‍ത്ത നല്‍കുമെന്നും വാര്‍ത്ത് നല്‍കാതിരിക്കണമെങ്കില്‍ നാല് ലക്ഷം നല്‍കണമെന്ന് മിഥുന്‍ പുല്ലുവഴി ആവശ്യപ്പെട്ടെന്നുമാണ് പരാതിയിലുള്ളത്. മംഗളം ഇതേക്കുറിച്ച് വാര്‍ത്ത നല്‍കിയെന്നും പരാതിയിലുണ്ട്. ഈ വാര്‍ത്തയുടെ തുടര്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുമെന്നും വീട്ടമ്മയ്ക്ക് പങ്കുണ്ടെന്ന് വരുത്തി തീര്‍ക്കുമെന്നുമായിരുന്നു ബ്ലാക്ക്മെയിലിംഗ്. ബ്യൂറോ ചീഫ് രാജു പോളും പണം നല്‍കാന്‍ വീട്ടമ്മയോട് ആവശ്യപ്പെട്ടെന്നാണ് പരാതിയിലുള്ളത്.

പനങ്ങാട് സ്വദേശിയായ വീട്ടമ്മയാണ് പരാതി നല്‍കിയിരിക്കുന്നത്. വീട്ടമ്മയുടെ പരാതിയില്‍ അന്വേഷണം നടത്തിയ പനങ്ങാട് പോലീസ് മിഥുന്‍ പുല്ലുവഴിയുടെയും രാജു പോളിന്റെയും ശബ്ദ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. വീട്ടമ്മയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഫോണുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

മൊബൈല്‍ ഫോണും ശബ്ദ സാമ്പിളുകളും ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. തൃശൂരില്‍ നിന്നുള്ള ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ പത്രാധിപര്‍ പോളിയെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് വീട്ടമ്മ പരാതി നല്‍കിയത്.

കൊച്ചി ബ്യൂറോ ചീഫ് രാജു പോളിനെയും സീനിയര്‍ റിപ്പോര്‍ട്ടര്‍ മിഥുന്‍ പുല്ലുവഴിയെയും മംഗളത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി സിഇഒ ആര്‍ അജിത് കുമാര്‍ ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു. മംഗളം വാര്‍ത്ത നല്‍കി ബ്ലാക്ക്മെയിലിംഗ് നടത്തുവെന്ന് പരാതി വരുന്നത് ആദ്യമാണ്. മംഗളം മാനേജ്മെന്റ് ഇരുവര്‍ക്കുമെതിരെ സമാന്തര അന്വേഷണം നടത്തുമെന്നും അജിത് കുമാര്‍ പറഞ്ഞു.