കാവ്യാ മാധവനെതിരെയുള്ള കുരുക്ക് മുറുകുന്നു;പള്‍സര്‍ സുനിയെ അറിയില്ലെന്ന കാവ്യയുടെ വാദം പൊളിഞ്ഞു?

single-img
29 July 2017

കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്ന കാവ്യയുടെ വാദം പൊളിയുന്നു.പള്‍സര്‍ സുനിയും കാവ്യാ മാധവനും തമ്മില്‍ പരിചയക്കാരായിരുന്നു എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സെറ്റില്‍ കാവ്യയുടെ ഡ്രൈവറായി സുനി എത്തിയിരുന്നതായാണു പോലീസിനു ലഭിച്ച വിവരം.കാവ്യയും ദിലീപും അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ സെറ്റിലും സുനിയുടെ സാന്നിധ്യമുണ്ടായിരുന്നു.

പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു കാവ്യ പൊലീസിന് മൊഴിനല്‍കിയത്. ദിലീപ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതായി കണ്ടെത്തിയ യുവനടിയുമായി കാവ്യ കേരളത്തിന് പുറത്ത് കൂടിക്കാഴ്ച നടത്തിയതിന്റെ വിശദാംശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. കാവ്യയില്‍ നിന്ന് മൊഴിയെടുത്തശേഷം ഈ യുവനടിയെ പൊലീസ് വീണ്ടും ചോദ്യംചെയ്‌തേക്കും.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കാവ്യാ മാധവനെ പൊലീസ് ചോദ്യം ചെയ്തത്. ആലുവയിലെ ദിലീപിന്റെ വീട്ടിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകീട്ട് അഞ്ച് മണിവരെ നീണ്ടു നിന്നു. പള്‍സര്‍ സുനിയുടെ മൊഴിയും കാവ്യയുടെ മൊഴിയും പരസ്പര വിരുദ്ധമാണെന്ന് അന്വേഷണ സംഘം സൂചന നല്‍കിയിരുന്നു.

നടിയെ ആക്രമിച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ കാവ്യ മാധവന്റെ കടയായ ലക്ഷ്യയിലെത്തി കൈമാറിയെന്നാണ് പള്‍സര്‍ സുനി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇതേക്കുറിച്ചുള്ള ചോദ്യത്തിന്, സുനിയെ അറിയില്ലെന്നും, ഇയാള്‍ കടയിലെത്തിയതായി അറിയില്ലെന്നും കാവ്യ പറഞ്ഞിരുന്നു.